മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറ‍ഞ്ഞു; ഏഴ് ഷട്ടറുകളും അടച്ചു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഏഴ് ഷട്ടറുകളും അടച്ചു. ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്നാണ് ഷട്ടറുകൾ അടച്ചത്. 138.50 അടിയായിട്ടാണ് വെള്ളം കുറഞ്ഞിരിക്കുന്നത്. അതേസമയം അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും കുറവ് വന്നിരിക്കുകയാണ്. ഇതോടെയാണ് സ്പിൽവെയിലെ ഏഴ് ഷട്ടറുകളും തമിഴ്നാട് അടച്ചത്. ഇനി ഒരു ഷട്ടർ മാത്രമാണ് അടയ്ക്കാൻ ബാക്കിയായുള്ളത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ 20 സെന്റിമിറ്ററായി തുറന്നിട്ടുള്ള ഷട്ടറിന്റെ ഉയരം കുറച്ചിട്ടുണ്ട്. സെക്കൻറിൽ 980 ഘനയടി വെള്ളമാണ് ഇപ്പോൾ സ്പിൽവേ വഴി ഇടുക്കിയിലേക്ക് ഒഴുകുന്നത്. ഇതിനിടെ ഇടുക്കിയിലെ ജലനിരപ്പ് ഉയർന്ന് 2398.72 അടിയിലെത്തി. 2398.79 അടിയാണ് റെഡ് അലർട്ട് ലെവൽ.