മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു: രണ്ടാം ജാഗ്രതാ നിർദേശം നൽകാതെ തമിഴ്നാട്: ജലനിരപ്പ് 136 അടിയാകുമ്പോൾ തുറന്നുവിടണമെന്ന് കേരളം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു. തമിഴ്നാട് രണ്ടാം ജാഗ്രതാ നിർദേശം ഇനിയും നൽകിയിട്ടില്ല. തമിഴ്നാടിന്റെ രണ്ടാമത്തെ ജാഗ്രതാ നിർദേശത്തിനായി കാത്തിരിക്കുകയാണ് കേരളം. ഒന്നാം ജാഗ്രതാ നിർദേശം കഴിഞ്ഞ ദിവസം നൽകിയിരുന്നു. ജലനിരപ്പ് 136 അടിയാകുമ്പോൾ തുറന്നുവിടണമെന്നാണ് കേരളത്തിന്റെ ആവശ്യം. അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ ഉപസമിതി സന്ദർശനവും മാറ്റി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അഞ്ചംഗ ഉപസമിതി തിങ്കളാഴ്ച അണക്കെട്ട് സന്ദര്‍ശിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

രണ്ടാമത്തെ ജാഗ്രതാ നിർദേശം ലഭിക്കുന്നതോടെ തീരദേശവാസികളെ മാറ്റിപ്പാർപ്പിക്കും. അതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. 500 കുടുംബങ്ങളിലെ 2000ത്തോളം ആളുകളെയാണ് മാറ്റുക. 12 ക്യാംപുകൾ ഇതിനായി സജ്ജമാക്കി. മൂന്നാമത്തെ മുന്നറിയിപ്പിനു ശേഷം മാത്രമേ സ്പിൽവേകൾ തുറക്കൂ. ഏതു നിമിഷവും തുറക്കാൻ സാധ്യതയുള്ളതിനാൽ പെരിയാർ നിവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Loading...

അതേസമയം ശബരിഗിരി പദ്ധതിയിൽ മഴ ശക്തമായതോടെ തുറന്ന പമ്പാ അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചു. ഇന്ന് പുലർച്ചെയോടെയാണ് പമ്പാ അണക്കെട്ടിന്റെ അറു ഷട്ടറുകളും അടച്ചത്. ഇതോടെ പത്തനംതിട്ട ജില്ലയിൽ ആശങ്കയൊഴിയുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 982.80 മീറ്ററായി കുറഞ്ഞു. ആറ് ഷട്ടറുകളും രണ്ട് അടി വീതമാണ് ഉയർത്തിയിരുന്നത്. പമ്പാ നദിയിൽ 40 സെന്റിമീറ്റർ വെള്ളം ഉയരുമെന്ന കണക്ക് കൂട്ടലിൽ ആറന്മുളയിലും റാന്നിയിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു.