ഡബ്ലിന്‍: അയര്‍ലണ്ടിലെ മലയാളികളുടെ ഒരു സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. അയര്‍ലണ്ടിലെ മലയാളികളുടേയും WMC, MALAYALAM എന്നീ പ്രമുഖ മലയാളി സംഘടനകളുടേയും നിരന്തര സമ്മര്‍ദ്ദങ്ങള്‍ മൂലം ഐറിഷ് നാച്ചറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ വകുപ്പ്, ചുരുങ്ങിയത് രണ്ടു തവണയെങ്കിലും അയര്‍ലണ്ടില്‍ മുമ്പ് വന്നിട്ടുള്ള മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാരുടെ ബന്ധുക്കള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് സന്ദര്‍ശനത്തിനുള്ള മള്‍ട്ടി എന്ട്രി വീസാ അനുവദിച്ചു തുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഈ സൗകര്യം ഇപ്പോള്‍ ലഭ്യമാണ്. പക്ഷെ ഇതിനായി മുമ്പ് അയര്‍ലണ്ട് സന്ദര്‍ശിച്ചിരുന്നു എന്ന് തെളിയിക്കുന്ന യാത്രാരേഖകള്‍ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. അയര്‍ലണ്ടില്‍ ഷോര്‍ട്ട് സ്റ്റേ സി വീസായില്‍ രണ്ടു തവണയെങ്കിലും വന്ന് നിശ്ചിത സമയപ്രകാരം തിരിച്ചു പോയിട്ടുള്ളവര്‍ക്ക് പിന്നീട് വരുമ്പോള്‍ മള്‍ട്ടി എന്ട്രി വിസ അനുവദിക്കാന്‍ പുതിയ സംവിധാനം അനുമതി നല്‍കുന്നതെന്ന് ഐറിഷ് എംബസി വൃത്തങ്ങള്‍ അറിയിച്ചു. ആദ്യമായി അയര്‍ലണ്ടില്‍ എത്തുന്ന ബന്ധുക്കള്‍ക്ക് ഈ സൗകര്യം ലഭ്യമല്ല. പരമാവധി മൂന്ന് മാസം മാത്രമേ ഒന്നിച്ച് നില്‍ക്കാന്‍ സാധിക്കൂ എന്ന നിബന്ധന നീക്കിയിട്ടില്ലാത്തതിനാല്‍ ഇവര്‍ ഒന്നുകില്‍ നാട്ടില്‍ തിരികെ പോയി വരുകയോ ഇംഗ്ലണ്ട് പോലെ സമീപ രാജ്യങ്ങളില്‍ പോയി വീണ്ടും വരുകയോ ചെയ്യേണ്ടതായി വരും.
ഈ സൗകര്യം ഉപയോഗിച്ച് ഇന്ന് മുതല്‍ അയര്‍ലണ്ടിലെ മലയാളികളുടെ കേരളത്തില്‍ നിന്നുള്ള ബന്ധുക്കള്‍ എത്തി തുടങ്ങിയിട്ടുണ്ട്. സാധാരണ ഗതിയിലുള്ള അപേക്ഷയാണ് സമര്‍പ്പിച്ചത് എന്നും ഒരു വര്‍ഷത്തേയ്ക്കുള്ള വിസ ആവശ്യപ്പെട്ടപ്പോള്‍ ഇന്‍ഷുറന്‍സ് കൂടി വി എഫ് എസ് കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടുവെന്നും പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ യാത്രക്കാരന്‍ പറഞ്ഞു. ഒരു വര്‍ഷത്തേയ്ക്കുള്ള ഇന്‍ഷുറന്‍സാണ് ആവശ്യപ്പെട്ടതെങ്കിലും ഇദ്ദേഹം ആറു മാസത്തെ ഇന്‍ഷുറന്‍സേ എടുത്തുള്ളൂ.ആവശ്യമെങ്കില്‍ ആറു മാസം എക്‌സ്ടന്റ് ചെയ്തു തരാമെന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ കത്തും അപേക്ഷയോടൊപ്പം സമര്‍പ്പിച്ചു. ഇതേ തുടര്‍ന്നാണ് ഇവര്‍ക്ക് ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്ട്രി വിസ അടിച്ചു നല്കിയത്. ഇത് നാലാം തവണയാണ് ഇദ്ദേഹം മക്കളെ സന്ദര്‍ശിക്കാന്‍ അയര്‍ലണ്ടില്‍ എത്തുന്നത്.
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ എത്ര കാലം അയര്‍ലണ്ടില്‍ ഉണ്ടാവും എന്ന ചോദ്യത്തിന് ‘മൂന്ന് മാസം ‘എന്ന് മറുപടി നല്കിയതോടെ തൃപ്തിയായ ഇമിഗ്രേഷന്‍ ഓഫിസര്‍ മൂന്ന് മാസം കഴിഞ്ഞു രാജ്യത്തിന് വെളിയില്‍ പോയി തിരികെ വരാന്‍ ആവും എന്ന് ഇദ്ദേഹത്തെ അറിയിച്ചു.
ഒരുവര്‍ഷം വരെ കാലാവധി ഉള്ള മള്‍ട്ടി എന്ട്രി വീസാ അനുവദിച്ചു തുടങ്ങിയതു കൊണ്ട്, വിസാ നടപടികള്‍ ഒരോ മൂന്ന് മാസം കൂടുമ്പോഴും ചെയ്യേണ്ടി വരുന്ന ബാധ്യതയില്‍ നിന്ന് തെല്ലൊരാശ്വാസം ആയി മാറിയിട്ടുണ്ട.് നഴ്‌സുമാരുടെ ദൗര്‍ലഭ്യം നേരിടുന്ന ഈ ഘട്ടത്തില്‍ മലയാളി സംഘടനകള്‍ ഇനിയും സര്‍ക്കാരിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന പക്ഷം പൂര്‍ണ്ണമായും വിസാ കാലാവധി വരെ ഇവിടെ നില്‍ക്കുവാന്‍ സാധിക്കുമെന്നു വിലയിരുത്തപ്പെടുന്നു.