കാബൂളിലെ സ്ക്കൂളിൽ മൂന്നിടത്ത് സ്ഫോടനം; കുട്ടികളടക്കം ആറ് പേർ മരിച്ചു

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ‌ സ്ഫോടനം. മൂന്നിടത്താണ് സ്ഫോടന പരമ്പര റിപ്പോർച്ച് ചെയ്തത്. പടിഞ്ഞാറൻ കാബൂളിലുള്ള അബ്ദുൾ റഹിം ഷാഹിദ് ഹൈസ്കൂളിൽ അടക്കം ആക്രമണമുണ്ടായിട്ടുണ്ട്. സ്ഫോടനങ്ങളിൽ ഇതുവരെ ആറ് പേർ കൊല്ലപ്പെട്ടുവെന്നുവാണ് റിപ്പോർട്ടുകൾ. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും കാബൂൾ പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.കാബൂളിലെ ഷിയാ ഭൂരിപക്ഷമേഖലയായ ദഷ്‍ത് – എ – ബർചിയുടെ പ്രാന്തപ്രദേശത്താണ് ആക്രമണമുണ്ടായത് എന്നാണ് വിവരം. ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കാബൂൾ പൊലീസ് വക്താവ് ഖാലിദ് സദ്‍റാൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മരണസംഖ്യ എത്രയെന്ന് പൊലീസിന് ഇപ്പോൾ സ്ഥിരീകരിക്കാനാകുന്നില്ല. സ്കൂളിൽ ആക്രമണം നടത്തിയത് ചാവേറാണ് എന്നാണ് വാൾ സ്ട്രീറ്റ് ജേണൽ ലേഖകൻ എഹ്സാനുള്ള അമീറി റിപ്പോർട്ട് ചെയ്യുന്നത്.

”അബ്ദുൾ റഹിം ഷാഹിദ് സ്കൂളിന് മുന്നിൽ കുട്ടികൾ കൂട്ടം കൂടി നിൽക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് സ്ഫോടനത്തിൽ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട ഒരു അധ്യാപകൻ എന്നോട് പറഞ്ഞു. നിരവധിപ്പേർ കൊല്ലപ്പെട്ടുവെന്നാണ് സംശയിക്കുന്നത്. കൂട്ടത്തിൽ കുട്ടികളുമുണ്ട്”, എഹ്‍സാനുള്ള ട്വിറ്ററിൽ കുറിക്കുന്നു. കുട്ടികൾ രാവിലത്തെ ക്ലാസുകൾ കഴിഞ്ഞ് പുറത്തുവന്ന സമയത്താണ് ആക്രമണമുണ്ടായത്.

Loading...

രണ്ടാം സ്ഫോടനം പടിഞ്ഞാറൻ കാബൂളിൽത്തന്നെയുള്ള മുംതാസ് ട്രെയിനിംഗ് സെൻററിന് സമീപത്താണുണ്ടായത് എന്നാണ് വിവരം. ഇവിടെ ഒരു ഹാൻഡ് ഗ്രനേഡ് എറിയുകയായിരുന്നു അക്രമി എന്നാണ് റിപ്പോർട്ടുകൾ. ഈ ആക്രമണത്തിൽ അഞ്ച് പേർക്കെങ്കിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് അഫ്ഗാനിസ്ഥാൻ താലിബാൻ കീഴടക്കി അധികാരം പിടിച്ചത്. അതിന് ശേഷം ഇനി അഫ്ഗാനിസ്ഥാൻറെ ഭാവി തങ്ങളുടെ പക്കൽ സുരക്ഷിതമായിരിക്കുമെന്നായിരുന്നു താലിബാൻ ഭരണകൂടത്തിൻറെ അവകാശവാദം. എന്നാൽ സായുധതീവ്രവാദസംഘങ്ങൾ തമ്മിലുള്ള വൈരം ഇനിയുമിവിടെ അവസാനിച്ചിട്ടില്ലെന്ന് പല രാഷ്ട്രീയനിരീക്ഷകരും ചൂണ്ടിക്കാട്ടിയിരുന്നതാണ്.