അലന്‍ടൗണ്‍ (പെന്‍സില്‍വേനിയ): കൗമരക്കാരി മാതാവ് തന്റെ ഒരുവയസ്സുള്ള മകനെ പാലത്തില്‍ നിന്ന് നദിയിലെറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. ജൊനേഷ മൊനയ പെറി (19) ആണ് തന്റെ മകന്‍ സമെയര്‍ പെറിയെ ലീഹൈ നദിയിലേക്ക് വലിച്ചെറിഞ്ഞ ശേഷം ആത്മഹത്യയ്ക്കായി ശ്രമിച്ചത്. സമെയര്‍ ശനിയാഴ്ച ഉച്ചയോടെ മരിച്ചതായി പോലീസ് അറിയിച്ചു.
മെയ് മൂന്ന് ഞായറാഴ്ചയായിരുന്നു സംഭവം. ലീഹൈ നദിക്കു കുറുകെയുള്ള ഹാമില്‍റ്റണ്‍ സ്‌ട്രീറ്റ് ബ്രിഡ്ജില്‍ നിന്നാണ് ഇവര്‍ കുട്ടിയെ നദിയിലേക്ക് വലിച്ചെറിഞ്ഞത്. തുടര്‍ന്ന് ഇവരും നദിയിലേക്ക് എടുത്തു ചാടി. സംഭവം കണ്ട യാത്രക്കാര്‍ പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ആതുരസേവകരും എത്തി മാതാവിനെയും കുഞ്ഞിനെയും നദിയില്‍ നിന്ന് രക്ഷപ്പെടുത്തി. തുടര്‍ന്ന് ഇവരെ അലന്‍ടൗണിലെ സീഡര്‍ ക്രെസ്റ്റിലുള്ള ലീഹൈവാലി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. മാതാവിന് കാര്യമായ കുഴപ്പമൊന്നും സംഭവിച്ചില്ല. എന്നാല്‍ കുട്ടിയുടെ നില വളരെ ഗുരുതരമായിരുന്നു അപ്പോള്‍. ആറുദിവസം അബോധാവസ്ഥയിലായിരുന്ന കുട്ടി ശനിയാഴ്ച മരിച്ചതായി കോറോണര്‍ പറഞ്ഞു. കുട്ടിയെ വലിച്ചെറിയുന്നതിനു മുമ്പ് ഇവര്‍ കുഞ്ഞിനെ ചുംബിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സാമ്പത്തിക പ്രശ്നവും സുരക്ഷിതത്വമില്ലായ്മയുമായിരിക്കാം ഇവരെ ഈ കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് അനുമാനിക്കുന്നു. ജൊനേഷ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആണ്. കൊലപാതക കുറ്റമാണ് ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്.