കൊവിഡ് പരിശോധനക്ക് മൂക്കിലെ സ്രവം എടുത്ത ശേഷം സ്വകാര്യഭാഗത്തെ സ്രവം എടുക്കണമെന്ന് ലാബ് ജീവനക്കാരന്‍: യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് സ്രവമെടുത്ത ലാബ് ജീവനക്കാരൻ അറസ്റ്റിൽ

മുംബൈ: കൊവിഡ് പരിശോധനക്ക് യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ നിന്ന് സ്രവമെടുത്ത ലാബ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. അമരാവതിയിലെ ഒരു മാളിൽ ജോലി ചെയ്യുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. മാളിലെ ഒരു ജീവനക്കാരിക്ക് 24ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മറ്റ് ജീവനക്കാരും കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് അധികൃതർ അറിയിച്ചു. അങ്ങനെയാണ് കൊറോണ പരിശോധനയ്ക്കായി യുവതി എത്തിയത്. മൂക്കിലെ സ്രവം എടുത്ത ശേഷം സ്വകാര്യഭാഗത്തെ സ്രവം എടുക്കണമെന്ന് ജീവനക്കാരൻ യുവതിയെ തെറ്റിദ്ധരിപ്പിച്ച് സ്രവം എടുക്കുകയായിരുന്നു. തുടർന്ന് യുവതി പൊലീസിൽ പരാതിയുമായെത്തി.

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലാണ് സംഭവം. ബലാത്സംഗക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കുറ്റക്കാരനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സംഭവത്തിൽ സംസ്ഥാന വനിത-ശിശു വികസന മന്ത്രി യശോമാദി താക്കൂർ പറഞ്ഞു.  ഐപിസി 354, 376 വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്.

Loading...

അതേസമയം രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 55,079 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇത് വരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വ‌ർധനയാണ് ഇത്. 24 മണിക്കൂറിനിടെ 37,223 പേർ കൂടി രോഗമുക്തരായെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇത് വരെ 10,57,805 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. നിലവിൽ 5,45,318 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെയാണ് ആദ്യമായി പ്രതിദിന വ‌‌ർധന അമ്പതിനായിരം കടന്നത്. 24 മണിക്കൂറിനിടെ 779 മരണങ്ങൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 16,38,871 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇത് വരെ 35,749 പേരാണ് രാജ്യത്ത് രോഗബാധ മൂലം മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകൾ. മഹാരാഷ്ട്രയിൽ പതിനൊന്നായിരത്തിനും ആന്ധ്രപ്രദേശിൽ പതിനായിരത്തിനും മുകളിൽ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. കർണ്ണാടകത്തിൽ ആറായിരത്തിനും തമിഴ്നാട്ടിൽ അയ്യായിരത്തിനും മുകളിൽ കേസുകൾ സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ ആകെ രോഗികളുടെ എണ്ണം എൺപതിനായിരം കടന്നു.