മഹാരാഷ്ട്രയിൽ ഇന്ന് 2033 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: 51 മരണം

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് ശമനമില്ലാതെ പടർന്നു പിടിക്കുന്നു. തുടർച്ചയായി രണ്ടാം ദിവസവും 2000 ലേറെ പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 2033 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 35058 ആയി. ഇന്ന് 51 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണ സംഖ്യ 1249 ൽ എത്തി. ഇതുവരെ 8437 പേർക്ക് രോഗം ഭേദമായെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒറ്റദിവസം ഇത്രയും മരണവും രോഗവ്യാപനവും ആദ്യമാണ്. അതിനിടെ, രോഗബാധിതരുടെ എണ്ണം ഇരട്ടിക്കാൻ എടുക്കുന്ന സമയം 7 ൽ നിന്ന് 13 ദിവസമായി മെച്ചപ്പെട്ടതിന്റെ ആശ്വാസത്തിലാണു മുംബൈ.

മുംബൈ നഗരത്തിൽ കൊവിഡ് രോഗകളുടെ എണ്ണം 21000 കടന്നു. 804 പേർക്കാണ് പുതിയതായി രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ, മുംബൈയിൽ കൊവിഡ് രോ​ഗികളുടെ എണ്ണം 21152 ആയി. 23 പേരാണ് മുംബൈയിൽ മാത്രം ഇന്ന് മരിച്ചത്. മഴക്കാലത്തിന് മുൻപ് രോഗത്തെ പൂർണമായി പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. രോഗവ്യാപന തോത് പിടിച്ച് നിർത്താനായെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഗ്രീൻ സോണുകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കും. എന്നാൽ റെഡ് സോണിൽ ഒരിളവും ഇപ്പോൾ നൽകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Loading...

മുംബൈയിൽ ക്വാറന്റീൻ കിടക്കകളുടെ എണ്ണം 1 ലക്ഷമാക്കും. അതേസമയം, വാങ്കഡെ സ്റ്റേഡിയം ക്വാറന്റീൻ കേന്ദ്രമാക്കാനുള്ള നീക്കം ഉപേക്ഷിച്ചു. മഴ അടുത്തിരിക്കെ തുറന്ന സ്റ്റേഡിയങ്ങൾ തിരഞ്ഞെടുക്കേണ്ട എന്ന നിർദേശത്തെ തുടർന്നാണിത്. കോവിഡ് ബാധിതരായ പൊലീസുകാർ 1,206 ആയി. ജയിലുകളിലെ തിക്കും തിരക്കും കുറയ്ക്കായി 7,200 തടവുകാരെ വിട്ടയച്ചു. അതേസമയം, 3 ദിവസത്തെ ഇടവേളയ്ക്കു ശേഷം തമിഴ്നാട്ടിൽ ഒറ്റ ദിവസം കോവിഡ് ബാധിതർ 500 കടന്നു. ഇന്നലെ 639 പേർക്കു രോഗം സ്ഥിരീകരിച്ചതിൽ 81 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയവർ. രോഗികൾ 11,224. നാലു പേർ കൂടി മരിച്ചതോടെ കോവിഡ് മരണം 78.