മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു: മരിച്ചത് തൃശൂർ സ്വദേശിനി ആതിര

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മുംബൈ വസായ് ഈസ്റ്റിലെ താമസക്കാരിയായ ആതിര സുബ്രമണ്യൻ (26) ആണ് മരിച്ചത്. തൃശൂർ മുണ്ടത്തികൊട് സ്വദേശിനി ആണ്. ഉദര സംബന്ധമായ ശാസ്ത്രക്രിയയേ തുടർന്ന് ചികിത്സയിൽ ഇരിക്കെ ന്യൂമോണിയ ബാധിച്ചിരുന്നു. ഇതേ തുടർന്ന് വസായ് ഈസ്റ്റ്‌ വിനായക ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത് . അച്ഛൻ: സുബ്രമണ്യൻ, അമ്മ: ശകുന്തള, സഹോദരി-അമൃത. ശവ സംസ്കാര ചടങ്ങുകൾ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് മുംബൈയിൽ നടക്കും

അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. 24 മണിക്കൂറിനിടെ 57,117 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 764 പേർ കൂടി മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16,95,988 ലെത്തി. 36511 പേരാണ് ഇതുവരെ മരിച്ചത്. ചികിത്സയിൽ ഉള്ളത് 5,65,103 പേരാണ്. 10,94,371 പേർക്ക് രോഗം ഭേദമായി. തെലങ്കാനയിൽ പ്രതിദിന രോഗബാധ രണ്ടായിരം കടന്നു. തെലങ്കാനയിൽ ഇന്ന് 2083 പേർക്ക് കോവിഡ്. 11 മരണം. ഹൈദരാബാദിൽ മാത്രം 578 രോഗികൾ. 17754 പേർ ചികിത്സയിൽ. 64786 പേർക്ക് ഇതുവരെ രോഗം ബാധിച്ചു. ആകെ മരണം 530. കർണ്ണാടകയിലും തമിഴ്നാട്ടിലും അയ്യായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Loading...

ഉത്തർപ്രദേശിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം നാലായിരം കടന്നു. ബിഹാറിൽ മൂവായിരത്തിനും തെലങ്കാനയിൽ രണ്ടായിരത്തിനും അടുത്തെത്തി. ആകെ രോഗബാധയുടെ 65 ശതമാനവും ജൂലൈയിലാണ് റിപ്പോർട്ട് ചെയ്തത്. ദില്ലിയിൽ കൊവിഡ് വ്യാപന തോത് കണ്ടെത്താൻ നടത്തുന്ന അഞ്ച് ദിവസത്തെ സിറോ സർവ്വേ ഇന്ന് തുടങ്ങും.