മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ശമനമില്ലാതെ കോവിഡ് വ്യാപനം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 41,000 കടന്നു. ഇന്നുമാത്രം 2345 പേർക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ 41,642 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 64 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 1454 ആയി. അതേ സമയം 1408 പേർക്ക് ഇന്ന് രോഗം ഭേദമായി. സംസ്ഥാനത്ത് ആകെ 11,726 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. അതേ സമയം മുംബൈ നഗരത്തിൽ രോഗികളുടെ എണ്ണം 25,550 ആയി. നഗരത്തിൽ മാത്രം ഇന്ന് 41 പേരാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

തമിഴ്നാട്ടിലും കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ഇന്ന് 776 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഇന്ന് മാത്രം ഏഴ് പേർ മരിച്ചു. രോ​ഗം ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 94 ആയി. ചെന്നൈയിൽ മാത്രം ഇന്ന് 567 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെ രോ​ഗം സ്ഥിരീകരിച്ചവരിൽ ഒരാൾ കേരളത്തിൽ നിന്ന് തിരിച്ചെത്തിയതാണ്. ദില്ലിയിൽ നിന്ന് ട്രെയിനിൽ ചെന്നൈയിലെത്തിയ രണ്ടുപേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Loading...

നിലവിൽ 63624 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 45299 പേർക്ക് രോ​ഗം ഭേദമായി. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികൾ ഉള്ള മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം നാൽപതിനായിരത്തിലേക്ക് അടുത്തു. 37136 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോ​ഗം ബാധിച്ചത്. അതേസമയം, കൊവിഡിൽ രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പതിനായിരം പിന്നിട്ടു. 1,12,359 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. പ്രതിദിനം അയ്യായിരത്തിന് മേൽ വർധനയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്നത്. 24 മണിക്കൂറിനിടെ 5609 പേർക്കാണ് പുതിയതായി രോ​ഗം ബാധിച്ചത്. കൊവിഡ് ബാധിച്ച് ഇതുവരെ 3435 പേർ മരിച്ചു. 24 മണിക്കൂറിനിടെ 132 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.