മുനമ്പത്ത് നടന്നത് മനുഷ്യക്കടത്തല്ല, അനധികൃത കുടിയേറ്റം

മുനമ്പത്ത് മീന്‍പിടിക്കുന്ന ബോട്ടില്‍ ഓസ്‌ട്രേലിയയിലേക്ക് ചിലര്‍ കടന്ന സംഭവത്തില്‍ നടന്നത് മനുഷ്യക്കടത്തല്ല മറിച്ച് അനധികൃത കുടിയേറ്റമെന്ന് പോലീസ്. ബോട്ടില്‍ കടന്ന് കളഞ്ഞ 80 പേരുടെ ചിത്രങ്ങളും മറ്റ് വിശദാംശങ്ങള്‍ പോലീസിന് ലഭിച്ചു. തോപ്പുംപടി കോടതിയില്‍ പോലീസ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

120 പേരെങ്കിലും ബോട്ടില്‍ ഉണ്ടാകുമെന്നാണ് വിവരം. ബോട്ടിന്റെ ഭാരം കൂടിയത് കാരണമാണ് ചിലര്‍ക്ക് തിരിച്ച് പോകേണ്ടി വന്നതെന്നും ചിലര്‍ ബാഗുകള്‍ ഉപേക്ഷിച്ചതെന്നും പോലീസ് വിലയിരുത്തുന്നു. ശ്രീലങ്കന്‍ അഭയാര്‍ഥി കുടുംബങ്ങളും തമിഴ്നാട്ടുകാരുമാണ് ബോട്ടിലുള്ളതെന്നും പോലീസ് പറയുന്നു. ബോട്ടില്‍ നവജാത ശിശു ഉള്‍പ്പെടെ കുട്ടികളും സ്ത്രീകളുമുണ്ട്.

പരാതിക്കാര്‍ ഇല്ലാത്ത കേസാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുനമ്പം, വടക്കേക്കര പോലീസ് സ്റ്റേഷനുകളില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. പലയിടത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ 71 ബാഗുകള്‍ കണ്ടെത്തിയിട്ടുണ്ട്. മോഷണ വസ്തുവോ ഏതെങ്കിലും കുറ്റകൃത്യത്തിന് ഉപയോഗിക്കപ്പെട്ട വസ്തുവോ എന്ന നിലയിലാണ് സ്വമേധയാ കേസെടുത്തത്.