ഭക്ഷണവും വെള്ളവും ലഭിക്കാതെ അച്ഛന്‍ മരിച്ച സംഭവം;മകന്‍ അറസ്റ്റില്‍

കോട്ടയം: മുണ്ടക്കയത്ത് ഭക്ഷണവും വെള്ളവും ലഭിക്കാതെ വൃദ്ധന്‍ മരിച്ച സംഭവത്തില്‍ മകന്‍ റെജി കുമാര്‍ അറസ്റ്റില്‍. 80 വയസുള്ള പിതാവ് പൊടിയനാണ് കഴിഞ്ഞ ദിവസം മരിച്ചത്. മാതാവ് അമ്മിണി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. മരിച്ച പൊടിയന്റെ ആന്തരീകാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.മകന്റെ കൊടിയ ക്രൂരതയില്‍ വൃദ്ധനായ പിതാവ് മരണപ്പെടുകയും മാതാവിന്റെ മനോനില തെറ്റുകയും ചെയ്ത സംഭവത്തിലാണ് പോലീസ് നടപടി. ഒളിവിലായിരുന്ന റെജികുമാറിനെ ഉച്ചയോടെയാണ് പോലീസിന്റെ പിടിയിലായത്.

ഭക്ഷണവും വെള്ളവും ലഭിക്കാതെയാണ് പിതാവ് പൊടിയന്‍ മരിച്ചതെന്ന സൂചന നല്‍കിയായിരുന്നു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് .ആന്തരികാവയവങ്ങള്‍ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങിയതിന്റെ ലക്ഷണങ്ങളില്ലെന്നും കണ്ടെത്തി. പട്ടിണി മരണമാണോ എന്ന് ഉറപ്പിക്കാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചിട്ടുണ്ട്. ആഹാരവും മരുന്നും ശരിയായ പരിചരണം ലഭിക്കാത്തതിനാലാണ് പൊടിയന്‍ മരിച്ചതെന്ന് പൊലീസ് പറഞ്ഞു.രാസപരിശോധന ഫലം വന്ന ശേഷം പട്ടിണി മരണമാണെങ്കില്‍ മകനെനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. നിലവില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.

Loading...