മൂന്നാര്‍ പെട്ടിമുടി ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപവീതം ധനസഹായം: പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

ദില്ലി: മൂന്നാർ പെട്ടിമുടി ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയും പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നാകും ഈ തുക അനുവദിക്കുക. മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും പരുക്കേറ്റവർക്ക് എത്രയും വേഗം ഭേദമാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് എൻഡിആർഎഫിന്റെ ആദ്യ സംഘം എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തൃശൂരിൽ നിന്നുള്ള ഒരു സംഘംകൂടി ഇവിടേക്ക് എത്തുന്നുണ്ട്. എറണാകുളത്ത് നിന്ന് ഫയർഫോഴ്‌സിന്റെ സ്‌പെഷ്യൽ ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ഏലപ്പാറയിൽ നിന്ന് പുറപ്പെട്ട ടീമാണ് നിലവിൽ സ്ഥലത്ത് എത്തിയിരിക്കുന്നത്.

മൂന്നാർ പെട്ടിമുടിയിയിലുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഔദ്യോഗികമായി ഒൻപത് മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 16 പേരെ രക്ഷപ്പെടുത്തി. 78 പേരാണ് മണ്ണിടിച്ചിൽ നടക്കുമ്പോൾ നാല് ലയങ്ങളിലായി ഉണ്ടായിരുന്നത്. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. മോശം കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തിന് പ്രധാന വെല്ലുവിളിയാകുന്നത്. ജെസിബിയുടെ സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നാല് ലയങ്ങൾ പൂർണമായും മണ്ണിനടിയിലാണ്. ഇന്ന് പുലർച്ചെയാണ് രാജമലയുടെ ഭാഗമായുള്ള പെട്ടിമുടിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണിടിയുന്നത്. എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്.

Loading...

അതേസമയം ഇടുക്കി മൂന്നാർ രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ആശ്വാസധനമായി നൽകും. പരുക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അപകടത്തിൽപ്പെട്ടവർക്ക് ചികിത്സ ലഭ്യമാക്കാൻ പ്രത്യേക മൊബൈൽ മെഡിക്കൽ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇതോടൊപ്പം 15 ആംബുലൻസുകളും സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ മെഡിക്കൽ സംഘത്തേയും നിയോഗിക്കുന്നതാണ്. ആശുപത്രികൾ അടിയന്തരമായി സജ്ജമാക്കാനും നിർദേശം നൽകിയിട്ടുന്നെന്നും മന്ത്രി പറഞ്ഞു.