കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് തര്‍ക്കം;തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: തൃശൂരില്‍ വീണ്ടും കൊലപാതകം. പഴയന്നൂര്‍ പട്ടിപ്പറമ്പിലാണ് യുവാവിനെ വെട്ടിക്കൊന്നത്. 32 കാരനായ ഒറ്റപ്പാലം സ്വദേശി റഫീഖ് ആണ് കൊല്ലപ്പെട്ടത്. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണെ എന്നാണ് പൊലീസിന്റെ സംശയം.സുഹൃത്ത് പാലക്കാട് സ്വദേശിക്കും വെട്ടേറ്റിട്ടുണ്ട്.കഴിഞ്ഞ നാല് മാസമായി പട്ടിപറമ്പിൽ ഒരു വാടക വീട്ടിലായിരുന്നു കൊല്ലപ്പെട്ട റഫീഖും സുഹൃത്ത് ഫാസിലും താമസിച്ചിരുന്നത്. സമീപത്തെ ഒരു ചിക്കൻ സ്റ്റാളിലായിരുന്നു ഇരുവർക്കും ജോലി. നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്.

കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കങ്ങളാണോ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് നിന്നും ഒരു സംഘം റഫീഖിനെ അന്വേഷിച്ച് സ്ഥലത്തെത്തിയിരുന്നു. ഈ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.ഇന്നലെ രാത്രി ഇവരുടെ വീട്ടിൽ നിന്നും ബഹളം കേട്ടിരുന്നതായി പ്രദേശവാസികളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Loading...

ഇന്ന് രാവിലെ ഒരാൾ വീട്ടിൽ നിന്നും ബൈക്ക് വേഗത്തില്‍ ഓടിച്ച് പോകുന്നത് കണ്ടതായും സമീപവാസികൾ പറയുന്നു. പരിക്കേറ്റ റഫീഖിനെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. റഫീക്കിന്റെ സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിന് കാലിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.