ഒടുവില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു ; കൊന്നത് ധനരാജ് വധത്തിലെ പ്രതികാരം തീര്‍ക്കാന്‍

കണ്ണൂര്‍  : കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ധനരാജ് വധത്തിലെ പ്രതികാരം തീര്‍ക്കാനെന്ന് പ്രതിയുടെ മൊഴി. കസ്റ്റഡിയിലുള്ള റിനീഷാണ് മൊഴി നല്‍കിയത്. ഒരു മാസം മുമ്പാണ് വാഹനം വാടകക്കെടുത്തതെന്നും മുന്‍പ് ഒരുതവണ കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും പ്രതികളായ റിനീഷും ജ്യോതിഷും പൊലീസിനോട് പറഞ്ഞു.

പയ്യന്നൂരിൽ ആർഎസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതിയടക്കം മൂന്നുപേരെ ഇന്നലെ പിടികൂടിയിരുന്നു. ഇവരെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിന് നേതൃത്വം നല്‍കിയത് റിനീഷ് ആണ്.

പ്രതികള്‍ ഉപയോഗിച്ച വാഹനം കണ്ടെത്തിയതോടെയാണു നിര്‍ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇന്നലെ പുലർച്ചെയാണു പൊലീസ് സംഘം കാർ പിടികൂടിയത്. പൊലീസ് പിന്തുടരുന്നതു കണ്ടു പയ്യന്നൂർ ടൗണിനടുത്തു മാവിച്ചേരിയിൽ കാർ ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു