മുസ്‌ലീം പെണ്‍കുട്ടിക്ക് ഭഗവത്ഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം

മുംബൈ: ഭഗവത് ഗീത ഹിന്ദുക്കള്‍ക്കുമാത്രമല്ല മറ്റു മതസ്ഥര്‍ക്കും വഴങ്ങുമെന്ന് തെളിയിച്ചുകൊണ്ടും, വര്‍ഗീയ സംഘര്‍ഷത്തിന്റെ വാര്‍ത്തകള്‍ക്കിടയില്‍ മതസൗഹാര്‍ദ്ദത്തിന്റെ സദ്‌വാര്‍ത്തയുമായി മുംബൈയില്‍ നിന്നൊരു പെണ്‍കുട്ടി. 12 വയസുള്ള മറിയം ആസിഫ് സിദിഖ്വി എന്ന മുസ്‌ലീം പെണ്‍കുട്ടി ഭഗവത്ഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് മതസൗഹാര്‍ദ്ദത്തിന് പുതിയ മാനം നല്‍കിയത്.

ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കണ്‍സോഷ്യന്‍സ് (ഇസ്‌കോണ്‍) ജനവരിയില്‍ നടത്തിയ ഗീത ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലാണ് മറിയം ഒന്നാമതെത്തിയത്.

Loading...

മുംബൈയിലെ 195 സ്‌കൂളുകളില്‍ നിന്നായി 4,500 കുട്ടികള്‍ പങ്കെടുത്ത മത്സരത്തിലാണ് ആറാം ക്ലാസുകാരിയായ മറിയത്തിന്റെ അപൂര്‍വ നേട്ടം. മല്‍സരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭഗവത്ഗീതയിലുള്ള അറിവാണ് പരിശോധിച്ചത്.

ഭഗവത്ഗീത മല്‍സരം നടക്കുന്നതിനെക്കുറിച്ച് തന്റെ ടീച്ചറാണ് പറഞ്ഞതെന്നും പിന്നീട് മാതാപിതാക്കളോട് അനുവാദം ചോദിച്ചപ്പോള്‍ മതം ഏതുമാവട്ടെ, നിനക്ക് അതില്‍ പങ്കെടുക്കാമെന്നായിരുന്നു അവര്‍ പറഞ്ഞതെന്നും മറിയം പറഞ്ഞു.തനിക്ക് ഗീത വളരെ ഇഷ്ടമാണെന്നും എല്ലാവരെയും എങ്ങനെ ബഹുമാനിക്കണമെന്നതും എല്ലാവരോടും സംസാരിക്കണമെന്നതുമെല്ലാം അതിലുണ്ടെന്നും മറിയം പറയുന്നു.

മീരാ റോഡിലെ കോസ്‌മോപൊളിറ്റീന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ മറിയം ഇസ്‌കോണ്‍ നല്‍കിയ പുസ്തകങ്ങള്‍ വായിച്ചാണ് മത്സരത്തിന് ഒരുങ്ങിയത്.