ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍, കൂത്തുപറമ്പില്‍ യുഡിഎഫ് ഹര്‍ത്താല്‍

കണ്ണൂര്‍: വോട്ടെടുപ്പിന് പിന്നാലെ കണ്ണൂരില്‍ നടന്നത് നാടിനെ ഞെട്ടിച്ച കൊലപാതകമാണ്. മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ ആണ് മരിച്ചത്. 22 വയസ്സായിരുന്നു പ്രായം. പിന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ആണെന്നാണ് ആരോപണം. ഇന്നലെ രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. അതേസമയം തന്നെ മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൂത്തുപറമ്പില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.

വോട്ടെടുപ്പിനുശേഷം ഇന്നലെ രാത്രി 8 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് അക്രമികള്‍ മന്‍സൂറിനെ വീട്ടില്‍ക്കയറി വെട്ടുകയായിരുന്നുവെന്നാണ് വിവരം.തടയാന്‍ ചെന്ന മുഹ്‌സിനും വെട്ടേല്‍ക്കുകയായിരുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് അക്രമി സംഘം മന്‍സൂറിനെ വെട്ടിയതെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്.തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മന്‍സൂറിന്റെ നില വഷളായപ്പോള്‍ കോഴിക്കോടേക്ക് കൊണ്ടുപോയിരുന്നെങ്കിലും രക്ഷിക്കാനായില്ല. അക്രമി സംഘത്തെ തടയാന്‍ ശ്രമിച്ച മന്‍സൂറിന്റെ മാതാവിനും അയല്‍ക്കാരിയായ സ്ത്രീയ്ക്കും പരുക്കേറ്റിട്ടുണ്ട്.

Loading...