മുത്തലാക്ക് ചൊല്ലുന്നവർക്ക് പണികൊടുത്ത് ഉത്തർപ്രദേശിലെ ഗ്രാമങ്ങള്‍ ;ഇനി തലാഖ് ചൊല്ലിയാല്‍ അഞ്ച് ലക്ഷം പിഴ

ലഖ്നൊ : മുത്തലാക്ക് ചൊല്ലുന്നവർക്ക് പണികൊടുത്ത് ഉത്തർപ്രദേശിലെ ഗ്രാമങ്ങള്‍. മുത്തലാഖ് ചൊല്ലുന്നവരിൽ നിന്ന് അഞ്ച് ലക്ഷം രൂപ ഈടാക്കുന്നതിന് പുറമേ ഖാപ് പഞ്ചായത്തിന് ശിക്ഷ വിധിയ്ക്കാന്‍ അധികാരവും നല്‍കുന്നതുമാണ് ഗ്രാമത്തിലെ സംവിധാനം. ഉത്തര്‍പ്രദേശിലെ 50,000 ഓളം മുസ്ലിങ്ങൾ താമസിക്കുന്ന ഹാദിപ്പൂർ ഗ്രാമത്തിലെ ഖാപ് പഞ്ചായത്തിന്‍റേതാണ് നീക്കം.
മുസ്ലിങ്ങൾക്കിടയിലെ വിവാഹമോചന രീതിയായ മുത്തലാഖിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം. ഭാര്യത്തെ മുത്തലാക്ക് ചൊല്ലുന്ന ഭര്‍ത്താവിൽ നിന്ന് അഞ്ച് ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കുന്നതിന് പുറമേ ശിക്ഷ വിധിയ്ക്കാനും ഖാപ് പഞ്ചായത്തിന് അധികാരമുണ്ടായിരിക്കും. ഖാപ് പഞ്ചായത്ത് ചെയർമാൻ അസ്രാര്‍ അഹ്മദാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കം പഞ്ചായത്തിന് മുമ്പിൽ പരിഹരിക്കാമെന്നും ഇതിനുള്ള പരിഹാരം മുത്തലാഖല്ലെന്നും വില്ലേജ് പഞ്ചായത്ത് വ്യക്തമാക്കുന്നു. മുത്തലാഖ് ചൊല്ലുന്ന ഭർത്താക്കന്മാർക്ക് പിഴ ഏർപ്പെടുത്തുന്ന സമാന നടപടി ഏപ്രിൽ 27ന് ഉത്തര്‍പ്രദേശിലെ ബാഗ്പത്ത് ഗ്രാമപ‍ഞ്ചായത്തും സ്വീകരിച്ചിരുന്നു.

പ്രബലമായ കാരണങ്ങളില്ലാതെ ഭാര്യമാരെ മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്മാരെ സാമൂഹികമായി ബഹിഷ്കരിക്കണമെന്നാണ് കഴിഞ്ഞ മാസം മുസ്ലിം വ്യക്തിനിയമ ബോർഡ് സ്വീകരിച്ച നിലപാട്.