താടി,തലപ്പാവ് എന്നിവയുടെ കാര്യത്തിൽ അമേരിക്കൻ കരസേന നിയമങ്ങൾ ഉദാരമാക്കി; മുസ്ലിം, സിക്ക് വിഭാഗങ്ങൾക്ക് ആശ്വാസം

Loading...

വാഷിംഗ്ടൺ: സിക്ക് , മുസ്ലിം വിഭാഗങ്ങൾക്ക് മതപരമായ ചിട്ടകൾ പാലിച്ചു കൊണ്ടു തന്നെ അമേരിക്കൻ കരസേനയിൽ സേവനം ചെയ്യുന്നതിന് സഹായകരമാകും വിധത്തിൽ നിയമങ്ങൾ പരിഷ്‌കരിച്ചു കൊണ്ട് അമേരിക്കൻ കരസേന ഉത്തരവു പുറപ്പെടുവിച്ചു. മതപരമായ നിഷ്ഠകൾക്കു യോജിക്കുന്ന വിധത്തിൽ താടി, ടർബൻ, ഹെഡ് സ്‌കാർഫ് എന്നിവ യൂണിഫോമിന്റെ ഭാഗമായി അംഗീകരിച്ചു കൊണ്ടുള്ള പരിഷകരിച്ച നയത്തിൽ ആർമി സെക്രട്ടറി എറിക് ഫാനിംഗ് ഒപ്പുവച്ചതായി സൈനിക വക്താവ് അറിയിച്ചു.
സൈനികന്റെ മതപരമായ നിഷ്ഠയുടെ കാര്യതതിൽ ഇനി മുതൽ ബ്രിഗേഡ് കമാൻഡർക്ക് തീരുമാനമെടുക്കാവുന്നതാണ്. നേരത്തെ ഈ തീരുമാനം ആർമി സെക്രട്ടറി തലത്തിൽ മാത്രമാണ് നിജപ്പെടുത്തിയിരുന്നത്. ബ്രിഗേഡ് കമാൻഡറുടെ തീരുമാനത്തിനെതിരേ ആർമി സെക്രട്ടറി തലത്തിൽ അപ്പീൽ നൽകാനും പുതിയ നിയമ സംവിധാനത്തിൽ അവസരമുണ്ട്. സൈനികന്റെ മതപരമായ കാര്യത്തിൽ ബ്രിഗേഡ് കമാൻഡർ എടുക്കുന്ന തീരുമാനം പ്രസ്തുത വ്യക്തിയുടെ കരിയർ മുഴുവൻ തുടരുന്നതാണെന്നും, ആർമി സെക്രട്ടറിയുടെ അംഗീകാരമില്ലാതെ അതിൽ മാറ്റം വരുത്താനാവില്ലെന്നും വ്യവസ്ഥ ചെയ്യുന്നു. പ്രത്യേകമായ ദൗത്യങ്ങളുടെയും, ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന സ്ഥലത്തിന്റെയും പരിമിതികൾ കണക്കിലെടുക്കാതെ പരിഷ്‌കരിച്ച നിയമങ്ങൾ എല്ലായിടത്തും നടപ്പാക്കുമെങ്കിലും വളരെ പ്രത്യേകമായ ചില സന്ദർഭങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സൈനികരുടെ മതപരമായ നിഷ്ഠകൾക്ക് ഭംഗം വരുത്താതെ അവരുടെ സുരക്ഷയും സേവന തൃഷ്ണതയും ഉറപ്പു വരുത്താനാണ് പരിശ്രമിക്കുന്നതെന്ന് ലഫ്റ്റനന്റ് കേണൽ റാൻഡ് ടെയ്‌ലർ പ്രസ്താവനയിൽ പറഞ്ഞു. സിക്ക് കൊലീഷൻ പുരിയ നിയമ ഭേദഗതിയെ സ്വാഗതം ചെയ്തിട്ടുണ്ട്.
ഒന്നാം ലോക മഹായുദ്ധകാലത്ത് അമേരിക്കയിൽ വരെ സൈനിക സേവനം ചെയ്തതിന്റെ പാരമ്പര്യമുള്ള സിക്കുകാർക്ക് വിയറ്റ്‌നാം യുദ്ധത്തിനു ശേഷം നടപ്പാക്കിയ ചിട്ടകൾ മൂലം മതപരമായ നിഷ്ഠ ലംഘിക്കാതെ അമേരിക്കൻ സൈന്യത്തിൽ സേവനം ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു. താടി ആകാമെന്ന് പുതിയ നിയമ പരിഷ്‌കരണത്തിൽ പറയുന്നുണ്ടെങ്കിലും രണ്ടിഞ്ചിൽ കൂടുതൽ നീളമായാൽ അത് കെട്ടിവയ്ക്കണമെന്ന് നിർദേശിക്കുന്നു. ടർബൻ ധരിക്കുന്ന കാര്യത്തിലും പുതിയ നിയമം അനുമതി നൽകുന്നു. ഇതൊക്കെയാണെങ്കിലും സുരക്ഷയുടെ ഭാഗമായി ഹെൽമറ്റോ, തല മൂടിയുള്ള കവചമോ ധരിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ കഴിയില്ലെന്നും അതനുസരിച്ച് ഹെയർസ്റ്റൈൽ പരിഷ്‌കരിക്കണമെന്നും നിർദേശമുണ്ട്. പുതിയ നിയമമനുസരിച്ച് മുസ്ലിം വനിതകൾക്ക് ഹെഡ് സ്‌കാർഫ് ധരിക്കാമെങ്കിലും അത് യൂണിഫോമിന്റെ കളറിനോട് സാമ്യമുള്ളതായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു.