ഓപ്പറേഷൻ തിയറ്ററിൽ ഹിജാബ് ധരിക്കണം, ആവശ്യവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുസ്ലീം വിദ്യാർത്ഥിനികൾ

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഹിജാബ് വിവാദം. ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പാളിന് കത്ത് നല്‍കിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴ് വിദ്യാര്‍ഥിനികളാണ് കത്ത് നല്‍കിയത്. ‘വിശ്വാസം അനുസരിച്ച് ഹിജാബ് നിര്‍ബന്ധം ‘എന്നാണ് ഇവര്‍ കത്തില്‍ പറഞ്ഞിരിക്കുന്നത്. അങ്ങനെ നമ്മുടെ ആശുപത്രിയ്ക്കകത്തും മതം വിഷയമാകുന്നു.

സര്‍ജറി സമയത്ത് ലോങ് സ്ലീവ് സ്‌ക്രബ് ജാക്കറ്റ്, ഹിജാബ് പോലെ മുഖം മറയ്ക്കുന്ന തരത്തിലുള്ള സര്‍ജിക്കല്‍ ഹൂഡ് എന്നിവ ധരിക്കാന്‍ അനുവാദം നല്‍കണമെന്നാണ് വിദ്യാര്‍ഥിനികളുടെ ആവശ്യം. നിലവില്‍ ഓപ്പറേഷന്‍ തിയറ്ററില്‍ ഹിജാബ് അനുവദിക്കാന്‍ ആകില്ലെന്നു പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ മാറ്റാന്‍ ആകില്ല. ഒരു വിദഗ്ധ സമിതി രൂപീകരിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തീരുമാനമായിട്ടുണ്ടെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Loading...

2020 എംബിബിഎസ് ബാച്ചിലെ ഒരു വിദ്യാര്‍ത്ഥി എഴുതിയ കത്തില്‍ 2018, 2021, 2022 ബാച്ചുകളിലെ ആറ് വിദ്യാര്‍ത്ഥികളുടെ ഒപ്പുകളുണ്ട്. ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ തല മറയ്ക്കാന്‍ തങ്ങളെ അനുവദിക്കില്ലെന്നും അവരുടെ മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകള്‍ക്ക് എല്ലാ സാഹചര്യങ്ങളിലും ഹിജാബ് നിര്‍ബന്ധമാണെന്നും കത്തില്‍ പറയുന്നു. ‘ഹിജാബ് ധരിക്കുന്ന സ്ത്രീകള്‍ക്ക് അനുസരണമുള്ള മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിനും ഓപ്പറേഷന്‍ റൂം ചട്ടങ്ങള്‍ പാലിക്കുന്നതിനുമുള്ള സന്തുലിതാവസ്ഥ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് കത്തില്‍ പറയുന്നു.

എന്നാല്‍, സര്‍ജറി സമയത്ത് അണുവിമുക്തമായ അന്തരീക്ഷം ഉറപ്പാക്കാന്‍ ലോകമെമ്പാടും സ്വീകരിക്കുന്ന മാനദണ്ഡങ്ങളുണ്ട്, രോഗികളുടെ സുരക്ഷയാണ് പ്രധാനം, അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്ന് 32 വര്‍ഷമായി അനസ്തെറ്റിസ്റ്റായ ഡോ. മോറിസ് പറഞ്ഞു. ”ജാതി, മതം എന്നിവ കണക്കിലെടുക്കാതെ ലോകമെമ്പാടും പിന്തുടരുന്ന ഒരു ശാസ്ത്രീയ സമ്പ്രദായം മെഡിക്കല്‍ രംഗത്തുണ്ട്. മതത്തെ മെഡിക്കല്‍ രംഗത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കരുത്. നേരത്തെ, കന്യാസ്ത്രീകള്‍ തീയറ്ററുകളില്‍ അവരുടെ മതപരമായ വസ്ത്രം ധരിച്ചിരുന്നുവെങ്കിലും അവര്‍ പരമ്പരാഗത ശസ്ത്രക്രിയാ വസ്ത്രം അവരും സ്വീകരിച്ചു.

അണുവിമുക്തമായ ഒരു ഓപ്പറേഷന്‍ റൂം ഉറപ്പാക്കാന്‍ പിന്തുടരുന്ന മാനദണ്ഡങ്ങള്‍ മാറ്റരുതെന്ന് ‘ഗവ. എമെരിറ്റസ് സര്‍ജറി പ്രൊഫസര്‍ ഡോ. രാജന്‍ പി പറഞ്ഞു. സര്‍ജറി സമയത്ത് കൈകള്‍ മുട്ടിനു താഴെ എപ്പോഴും ശുദ്ധീകരിക്കേണ്ടതിനാല്‍ ഹാഫ് സ്ലീവ് വസ്ത്രങ്ങള്‍ ആണ് തിയെറ്ററില്‍ ഉപയോഗിക്കുക. മുകളിലൂടെ കോട്ടും ധരിക്കും. ത്വക്ക് രോഗങ്ങള്‍ ഉള്ള സമയത്ത് ഡോക്റ്റര്‍മാരെ സര്‍ജറി ചെയ്യാന്‍ അനുവദിക്കാറില്ല, കൈകള്‍ ഒരു തരത്തിലുള്ള ആഭരണവും അനുവദിക്കില്ല. മാത്രമല്ല, നഖങ്ങള്‍ വെട്ടി വൃത്തിയാക്കിയ ശേഷമേ സര്‍ജറി അനുവദിക്കാറൂള്ളൂ.

ഇത്തരത്തില്‍ ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ നിലവിലുള്ളപ്പോഴാണ് കൈകള്‍ വരെ മറയ്ക്കുന്ന വസ്ത്രങ്ങള്‍ മതത്തിന്റെ പേരില്‍ അനുവദിക്കണമെന്ന് ആവശ്യവുമായി ഒരു സംഘം മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തിയിരിക്കുന്നത്.