ടാങ്കിയര്‍: വേനല്‍കാലത്ത് ബീച്ചില്‍ ഉല്ലസിക്കാനുള്ള സ്ത്രീകളുടെ അവകാശത്തിനു വേണ്ടി മൊറോക്കോയിലെ ഒരുപറ്റം മുസ്ലീം സ്ത്രീകള്‍ സമരം നടത്തുന്നു. വേനല്‍ക്കാലത്തെങ്കിലും തങ്ങള്‍ക്ക് കുറച്ചു സ്വാതന്ത്ര്യം വേണം, ശരീരം മുഴുവന്‍ കറുത്ത വസ്ത്രത്തില്‍ പൊതിഞ്ഞു ഉരുകി നടക്കുക എളുപ്പമല്ലെന്നാണ് ഒരു കൂട്ടം മുസ്ലീം സ്ത്രീകള്‍ പറയുന്നത്. നീന്തല്‍വസ്ത്രങ്ങള്‍ ധരിച്ചു ബീച്ചില്‍ ഉല്ലസിക്കാനായി സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക കടല്‍ത്തീരം ഒരുക്കണമെന്ന് ഫേസ്ബുക്ക് ക്യാംപെയ്‌നിലൂടെ സ്ത്രീസംരക്ഷണ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

പൊതുസ്ഥലങ്ങളില്‍ ശരീരം മറയ്ക്കണമെന്നാണ് ഇസ്ലാമിക നിയമത്തില്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഈ നിയമങ്ങള്‍ ലംഘിക്കാതെ, ബീച്ചില്‍ ഉല്ലസിക്കാനുള്ള സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയാണ് സമരം നടത്തുന്നതെന്ന് മഹിളാപ്രവര്‍ത്തക നൂര്‍ അലോധ പറയുന്നു. പുരുഷന്‍മാര്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം ഇവിടെ സ്ത്രീകള്‍ക്കു ലഭിക്കുന്നില്ല. കൊടുംചൂടില്‍ നിന്നു രക്ഷ നേടാനായി, ബുര്‍ഖ അഴിച്ചുവെച്ചു സൂര്യസ്‌നാനം നടത്തുകയാണ് ചെയ്യേണ്ടത്. നീന്തല്‍വസ്ത്രങ്ങള്‍ ധരിച്ചു പുരുഷന്‍മാരുടെ മുന്നില്‍ വരാന്‍ സാധിക്കാത്ത സ്ത്രീകള്‍ക്ക് വേനല്‍കാലം ആഘോഷിക്കാന്‍ ഇങ്ങനെയൊരു സൗകര്യം ഉടന്‍ ഒരുക്കണമെന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

എന്നാല്‍ നവമാധ്യമത്തിലൂടെയുള്ള സ്ത്രീകളുടെ സമരത്തിനെതിരെയും നിരവധി ആളുകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. മാന്യമല്ലാത്ത വസ്ത്രധാരണം ആരോപിച്ച് നിരവധി സ്ത്രീകളെയാണ് മൊറോക്കോയിലെ വിവിധ കോടതികള്‍ ശിക്ഷിച്ചിട്ടുള്ളത്.