തിരുവനന്തപുരം: ഭൂമിയുടെ പോക്കുവരവ് ഓണ്‍ലൈനാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഭൂമി തട്ടിപ്പും പോക്കുവരവിലെ അഴിമതിയും ക്രമക്കേടും അവസാനിപ്പിക്കാനാകും. വാങ്ങിയ ഭൂമിയുടെ വില അനുസരിച്ചാണ് പോക്കുവരവിനുള്ള കൈക്കൂലി. അതു നല്‍കിയില്ലെങ്കില്‍ പലപ്പോഴും പോക്കുവരവിന് മാസങ്ങളെടുക്കും. ഓണ്‍ലൈന്‍ ആകുന്നതോടെ ഇതിനു മാറ്റം വരും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്തു നടപ്പാക്കിയ പദ്ധതിയാണ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നത്. ഇതോടെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഭൂമി രജിസ്‌ട്രേഷന്‍ നടക്കുമ്പോള്‍ത്തന്നെ ഇതിന്റെ രേഖകള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസില്‍ ലഭിക്കും. പോക്കുവരവ് ചെയ്യാതെ കിടക്കുന്ന ഭൂമി തട്ടിയെടുക്കല്‍, പോക്കുവരവില്‍ ഇടനിലക്കാരുടെ ഇടപെടല്‍, കൈക്കൂലി എന്നിവ ഇതോടെ ഒഴിവാകും. പോക്കുവരവിന്റെ പേരില്‍ നടക്കുന്ന ഭൂമി തട്ടിപ്പും ക്രമക്കേടും ഒഴിവാകുകയും ചെയ്യും. തിരുവനന്തപുരത്തെ 12 വില്ലേജുകളില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതി വന്‍വിജയമായതിനെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി നടപ്പാക്കാന്‍ തീരുമാനിച്ചത്. റവന്യു, രജിസ്‌ട്രേഷന്‍, സര്‍വേ സംവിധാനങ്ങളിലെ സോഫ്റ്റ്‌വേറില്‍ ഇതനുസരിച്ച് മാറ്റം വരുത്തും.

ഭൂമി വാങ്ങുമ്പോള്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനൊപ്പം പോക്കുവരവിനുള്ള ഫോറവും നല്‍കണം. ആധാരത്തിന്റെ വിശദാംശങ്ങളാണ് ഇതിലുള്ളത്. പോക്കുവരവിനുള്ള ഫോറം സബ് രജിസ്ട്രാര്‍ ഒപ്പിട്ട് സീല്‍ ചെയ്ത് ഉടമയ്ക്കു നല്‍കും. പുതിയ ഉടമയാണ് ഇത് ബന്ധപ്പെട്ട വില്ലേജ് ഓഫീസില്‍ നല്‍കേണ്ടത്. ഉടമസ്ഥാവകാശം മാറുന്നതിനനുസരിച്ച് ഭൂവുടമയുടെ പേരില്‍ നികുതി പിരിക്കുന്നതിനായി വില്ലേജ് ഓഫീസിലെ രേഖകളില്‍ ആവശ്യമായ മാറ്റം വരുത്തണം. വില്ലേജ് ഓഫീസിലെ രേഖകളില്‍ ഈ മാറ്റം വരുത്തിയാല്‍ മാത്രമേ പുതിയതായി ഭൂമി വാങ്ങിയ വ്യക്തിയുടെ പേരില്‍ ഭൂമി ലഭിക്കുകയുള്ളൂ. ഭൂമിയുടെ രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ ആക്ഷേപം ഒന്നുമില്ലെങ്കില്‍ ഒരു മാസത്തിനകം പോക്കുവരവ് നടത്തിക്കൊടുക്കണമെന്നാണു ചട്ടം. ഈ ഇടപാടില്‍ വന്‍തോതിലുള്ള അഴിമതിയും ക്രമക്കേടുമാണു നടക്കാറുണ്ട്.

Loading...

സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്‌ട്രേഷന്‍ നടന്നാലുടന്‍ ആധാരത്തിന്റെ പകര്‍പ്പ് സ്‌കാന്‍ ചെയ്ത് ഓണ്‍ലൈനായി ബന്ധപ്പെട്ട വില്ലേജ് ഓഫീസിലെത്തും. രജിസ്‌ട്രേഷന്റെയും ആധാരത്തിന്റെയും എല്ലാ വിശദാംശങ്ങളും ഇങ്ങനെ വില്ലേജ് ഓഫീസില്‍ ലഭിക്കും. പോക്കുവരവിനായി ഉടമ ഓഫീസ് കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകും. സമയബന്ധിതമായി പോക്കുവരവ് നടത്തിക്കൊടുക്കേണ്ട ഉത്തരവാദിത്വം വില്ലേജ് ഓഫീസറുടേതാകും. രജിസ്‌ട്രേഷന് ഒപ്പം തന്നെ പോക്കുവരവും നടക്കുന്നതോടെ കരം അടയ്ക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതി ഇല്ലാതാകും. പോക്കുവരവിന്റെ പേരില്‍ നടക്കുന്ന ഭൂമി തട്ടിപ്പും ക്രമക്കേടും ഒഴിവാകുകയും ചെയ്യും.

ഭൂമി രജിസ്റ്റര്‍ ചെയ്തിട്ട് പോക്കുവരവ് നടത്താത്ത ഭൂമി റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തട്ടിയെടുത്ത നിരവധി പരാതികള്‍ അടുത്തിടെ സര്‍ക്കാരിനു ലഭിച്ചിരുന്നു. സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്‌ട്രേഷന്‍ നടന്നാലും പോക്കുവരവ് നടത്തിയില്ലെങ്കില്‍ റവന്യൂ രേഖകളില്‍ പഴയ ഉടമയുടെ പേരില്‍ത്തന്നെയായിരിക്കും ഭൂമി. ഇങ്ങനെ പോക്കുവരവ് നടത്താത്ത ഭൂമി മറ്റൊരാളുടെ പേരിലേക്ക് വന്‍തുക കോഴ വാങ്ങി ഉദ്യോഗസ്ഥര്‍ മാറ്റും. അതിനുശേഷം വ്യാജ ആധാരങ്ങളുണ്ടാക്കി ഭൂമി തട്ടിയെടുക്കുകയാണു ചെയ്യുക. ഓണ്‍ലൈനായി മാറുന്നതോടെ ഒരാളുടെ പക്കലുള്ള ഭൂമി മറ്റൊരാളുടെ പേരില്‍ പോക്കുവരവ് ചെയ്യാന്‍ കഴിയില്ല.