ലഭിച്ച പാസ് കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്ത് റൂട്ട് മാറ്റി: മുത്തങ്ങ അതിർത്തിയിൽ വ്യാജ പാസുമായി എത്തിയ ആൾ അറസ്റ്റിൽ

വയനാട്: വ്യാജ പാസുമായി മുത്തങ്ങ അതിർത്തിയിൽ എത്തിയ ആൾ അറസ്റ്റിൽ. തലപ്പാടി വഴി കടക്കാനായി ലഭിച്ച പാസ് കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്ത് മുത്തങ്ങ വഴി ആക്കിയാണ് ഇയാൾ എത്തിയത്. മലപ്പുറം ചുങ്കത്തറ സ്വദേശി അഖിൽ ടി റെജിയാണ് അറസ്റ്റിലായത്. പാസിലെ ഡേറ്റും എഡിറ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരവും വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങൾ ചുമത്തും. രണ്ട് പേർക്കായി ലഭിച്ച പാസിലാണ് കൃത്രിമം കാട്ടിയത്. ഇയാളോടൊപ്പം വന്ന 15 വയസുകാരനും കസ്റ്റഡിയിലുണ്ട്. സുൽത്താൻ ബത്തേരി പൊലീസ് ആണ് ഇയാൾക്കെതിരെ കേസെടുത്തത്. അതിർത്തി കടന്ന് പരിശോധനാ കേന്ദ്രത്തിൽ വച്ചാണ് രേഖയിൽ തട്ടിപ്പ് നടത്തിയതായി മനസിലായത്.

കേരള പാസില്ലാത്തവരെ തമിഴ്നാട് അതിർത്തിയായ മധുക്കരൈയിൽ വെച്ചും തടയുന്നുണ്ട്. മൂലഹള്ള ചെക്ക് പോസ്റ്റിൽ ആന്ധ്രയിൽ നിന്നെത്തിയ രണ്ട് പേരെയുൾപ്പടെ പാസില്ലാത്ത മൂന്ന് യുവാക്കളെയാണ് ഇങ്ങനെ തടഞ്ഞത്. അതേസമയം, പാസില്ലാതെ വരുന്നവരുടെ എണ്ണം ഇന്നലെ അപേക്ഷിച്ച് നോക്കുമ്പോൾ കുറവാണ് എന്ന് അധികൃതർ പറഞ്ഞു. വാളയാറിൽ ഇതുവരെ പാസില്ലാതെ മുപ്പതോളം പേരാണ് എത്തിയത്. ഇതിൽ ഭൂരിഭാഗവും ചെന്നൈയിൽ നിന്നെത്തിയവരാണ്.

Loading...

മലപ്പുറം, കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലുള്ളവർ പാസില്ലാതെ എത്തിയത്. ഇവരോട് മടങ്ങി പോവണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. കേരളത്തിന്‍റെ യാത്ര പാസ് ഇല്ലാത്തവരെ മറ്റ് സംസ്ഥാനങ്ങളുടെ അതിർത്തി ജില്ലകളിൽ നിന്ന് തടയും. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വാളയാർ ചെക്ക് പോസ്റ്റിൽ തിരക്ക് കുറവാണ്. ഇന്ന് മുതൽ കൃത്യമായ തീയ്യതിയും സമയവും ഉൾപ്പെട്ട സർക്കാരിന്‍റെ യാത്ര പാസില്ലാത്തവർക്ക് വാളയാർ അതിർത്തി കടക്കാനാവില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. അതിർത്തിയിൽ എത്തിയ ശേഷം പാസ് അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.