കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞു

കോട്ടയം: ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുന്നത് പ്രദേശവാസികള്‍ തടഞ്ഞു. മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചാല്‍ കൊറോണ പകരുമെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് ആര്‍എസ്എസ് നേതാവും ബിജെപി കൗണ്‍സിലറുമായ ടി എന്‍ ഹരികുമാര്‍ സമീപവാസികളെ തെരുവിലിറക്കിയത്. പ്രതിഷേധത്തെ തുടര്‍ന്ന് മൃതദേഹം മുട്ടമ്പലത്തെ പൊതു ശ്മശാനത്തില്‍ അടക്കുന്നില്ലെന്ന് തീരുമാനിച്ചു.

കോവിഡ് ബാധിച്ച് മരിച്ച ചുങ്കം സ്വദേശി 83 കാരനായ ഔസേഫ് ജോര്‍ജിന്റെ മൃതദേഹം ചുങ്കം സിഎസ്ഐ പള്ളിയില്‍ അടക്കാന്‍ പള്ളിയധികൃതര്‍ സമ്മതിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് കോട്ടയം നഗരസഭയുടെ മുട്ടമ്പലത്തെ പൊതുശ്ശാനത്തില്‍ സംസ്‌കരിക്കാന്‍ ജില്ലാ ഭരണകാര്യാലയം തീരുമാനിക്കുകയായിരുന്നു. തീരുമാനം വന്ന് അധികം കഴിയുംമുമ്പേ, പകല്‍ 2.30–ഓടെ ചിലര്‍ ശ്മശാനത്തിന് സമീപം സംഘടിച്ചെത്തി. വാര്‍ഡിലെ ബിജെപി കൗണ്‍സിലര്‍ ടി എന്‍ ഹരികുമാറായിരുന്നു ഇതിന് ആളെക്കൂട്ടിയത്. ഇയാള്‍ക്കൊപ്പം ചില കോണ്‍ഗ്രസുകാരും കൂടി. സമീപവാസികള്‍ക്കു പുറമേ പുറത്തുനിന്നും ബിജെപി പ്രവര്‍ത്തകരെത്തി. പൊതുവഴി തടഞ്ഞ് ഇവര്‍ കെട്ടിയ വേലി പൊലീസ് എത്തിയാണ് പൊളിച്ചത്. മണിക്കൂറുകളോം സ്ഥലത്ത് പ്രതിഷേധം തുടര്‍ന്നു.

Loading...

ചൂളയില്‍ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ വരുന്ന പുകയിലൂടെ അണുബാധയുണ്ടാകുമെന്ന് നാട്ടുകാരെ തെറ്റിധരിപ്പിച്ചായിരുന്നു ബിജെപിക്കാര്‍ സമരത്തിന് കുത്തിയിളക്കി വിട്ടത്. ഇതിനിടെ മതവികാരമിളക്കാനും നോക്കി. കോട്ടയം ഈസ്റ്റ് പൊലീസും റവന്യു അധികൃതരും എത്തി ചര്‍ച്ച നടത്തിയിട്ടും സ്ത്രീകളടക്കമുള്ളവര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാത്രി 12നു ശേഷം സംസ്‌കാരം നടത്താമെന്ന് പറഞ്ഞിട്ടും വഴങ്ങിയില്ല. ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ അടക്കമുള്ള സിപിഐ എം നേതാക്കള്‍ സ്ഥലത്തെത്തിയിരുന്നു. ബിജെപി കൗണ്‍സിലറുടെത് നാടിനോടുള്ള ദ്രോഹം ആണെന്ന് വി എന്‍ വാസവന്‍ പറഞ്ഞു.

ജില്ലാ അധികൃതര്‍ പലതവണ ചര്‍ച്ച നടത്തിയിട്ടും നാട്ടുകാര്‍ വഴങ്ങിയില്ല. മൃതദേഹം തല്‍കാലം മുട്ടമ്പലത്ത് അടക്കേണ്ടെന്നാണ് തീരുമാനിച്ചതോടെ ജനക്കൂട്ടം പിരിഞ്ഞുപുതിയ സ്ഥലം പിന്നീട് തീരുമാനിക്കും.എല്ലാ സമുദായങ്ങളുടെയും ശവക്കോട്ട സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. മുമ്പൊന്നും ഇത്തരം പ്രതിഷേധമുണ്ടായിട്ടില്ല. തുടക്കം മുതല്‍ പ്രതിഷേധത്തിന് കോണ്‍ഗ്രസിന്റെ രസഹ്യ പിന്തുണയുണ്ടായിരുന്നു. കള്ളത്തരവും ജാതീയതയും പ്രചരിപ്പിച്ചതിനെ പരസ്യമായി അപലപിക്കാന്‍ സ്ഥലം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്നും തയ്യാറായില്ല.