ദളിത് പെൺകുട്ടിക്ക് പീഡനം, ഓട്ടൊ ഡ്രൈവർ അറസ്റ്റിൽ

മൂവാറ്റുപുഴ: പത്താം ക്ലാസുകാരിയായ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടൊറിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. മാറാടി പാറത്തട്ടേല്‍ ഇരട്ടയാനികുന്ന് ജോജിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ ഇയാളെ വീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ഡിസംബറിലാണ് ഇയാള്‍ കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയത്. വിദ്യാര്‍ഥിനി സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തു വന്നത്. മാതാപിതാക്കളില്ലാത്തതിനാല്‍ വല്ല്യമ്മയുടെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞതിനെ തുടര്‍ന്നു ബന്ധുക്കള്‍ പഞ്ചായത്തിലെത്തി പരാതി പറയുകയായിരുന്നു.

Loading...

തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ഥിനിയെ പഞ്ചായത്തംഗങ്ങള്‍ക്കൊപ്പം കഴിഞ്ഞ ചൊവ്വാഴ്ച എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൗണ്‍സിലിങ്ങിനെത്തിച്ചു. തുടര്‍ന്നു ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി വിശദമായ റിപ്പോര്‍ട്ടു തയാറാക്കിയ ശേഷം മൂവാറ്റുപുഴ പൊലീസിനു കൈമാറുകയായിരുന്നു.