ബസിന്റെ ചക്രം ഊരിത്തെറിച്ച സംഭവം; കെ.എസ്.ആര്‍.ടി.സിക്കെതിരെ നടപടിയെടുക്കാതെ മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ബസിന്റെ ചക്രം ഊരിത്തെറിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സിക്കെതിരെ നടപടിയെടുക്കാതെ മോട്ടോര്‍ വാഹനവകുപ്പ്. യാത്രക്കാരുമായി ചൊവ്വാഴ്ച രാവിലെ നാഗര്‍കോവിലിലേക്ക് പോയ ബസിന്റെ ഡ്രൈവറുടെ സൈഡിലെ മുന്‍ചക്രമാണ് ബാലരാമപുരത്ത് വച്ച് ഇളകിത്തെറിച്ചത്. റൂട്ട് ബസുകളില്‍ (സ്റ്റേജ് ക്യാരേജുകളില്‍) ഇത്തരം വീഴ്ചകളുണ്ടായാല്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് ഉടന്‍ പരിശോധിക്കണമെന്നതാണ് നിയമം. പിഴവുണ്ടെങ്കില്‍ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കാറുണ്ട്.

തുടർന്ന് തകരാര്‍ പരിഹരിച്ച് ബസ് വീണ്ടും പരിശോധന നടത്തിയശേഷമേ ഓടിക്കാന്‍ അനുമതി നല്‍കാവൂ. സ്വകാര്യബസുകളുടെയും മറ്റു വാഹനങ്ങളുടെയും കാര്യത്തില്‍ ഈ വ്യവസ്ഥ പാലിക്കാറുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി.യുടെ പിഴവ് മോട്ടോര്‍വാഹന വകുപ്പ് വിസ്മരിച്ചു. കെ.എസ്.ആര്‍.ടി.സി.ക്കാര്‍ ബസ് മോട്ടോര്‍വാഹന വകുപ്പ് അറിയാതെ പാറശ്ശാലയിലേക്ക് മാറ്റുകയും ചെയ്തു.

Loading...

അപകടം നടന്ന സമയം ബസ് വേഗതയിലായിരുന്നെങ്കില്‍ എതിരേവരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറാനോ, മറിയാനോ സാധ്യതയുണ്ട്. വടക്കഞ്ചേരിയിലേതുപോലെ ഒരു ദുരന്തം ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. ബസിന്റെ പരിപാലനത്തിലുണ്ടായ ഗുരുതരമായ പിഴവാണ് അപകടത്തിനിടയാക്കിയത്. അപകടത്തെക്കുറിച്ച് കെ.എസ്.ആര്‍.ടി.സി.യില്‍ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.

ജീവനക്കാര്‍ക്കെതിരേ നടപടി ഉണ്ടാകുമെങ്കിലും നിലവാരം കുറഞ്ഞ സ്പെയര്‍പാര്‍ട്സ് ഉപയോഗിക്കുന്നത് ഉള്‍പ്പെടെ പരിപാലനത്തിലെ വീഴ്ചകളൊന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടാന്‍ സാധ്യതയില്ല. പുറമെനിന്നുള്ള അന്വേഷണത്തില്‍ മാത്രമേ ഇക്കാര്യങ്ങള്‍ പുറത്തുവരുകയുള്ളൂ. ദീര്‍ഘദൂര റൂട്ടുകളില്‍ ബ്രേക്ക് തകരാറുള്ള ബസുകള്‍ ഉപയോഗിക്കുന്നതായി നേരത്തെ ചില ഡ്രൈവര്‍മാര്‍ പരാതിപ്പെട്ടിരുന്നു.