വാലന്റൈൻസ് ഡേ….
പ്രണയിക്കുന്നവർക്കായി ഒരു ദിവസം.
പ്രണയനഷ്ടം സംഭവിച്ചവർക്കു വിരഹിക്കാൻ ഒരു ദിവസം.
പ്രണയ വിരോധികൾക്ക് പുച്ഛിക്കാൻ ഒരു ദിവസം.
അങ്ങനെയൊക്കെ… സുഖവും വിരഹവും നഷ്ടവും പുച്ഛവുമൊക്കെയായി കെട്ടുപിണഞ്ഞു കിടക്കുന്നു ഈ പ്രണയം.
ഒരിക്കലെങ്കിലും പ്രണയിക്കാത്തവർ ഉണ്ടാകുമോ?
അറിയില്ല.
ആദ്യ പ്രണയം .. അതും ഒരു സംഭവമാണ്. കാലമെത്ര കഴിഞ്ഞാലും സുഖമുള്ളതോ നൊമ്പരപ്പെടുത്തുന്നതോ ആയ ഒരു ഓർമ്മയായി ഇടയ്ക്കിടെ മനസ്സിലേക്ക് അത് കടന്നു വരും.
………………………………………
ഒരു സാധാരണ പള്ളിക്കൂടം… അവിടെയായിരുന്നു എന്റെ എൽ.പി. സ്‌കൂൾ കാലം.
കുമ്മായം തേച്ച ചുമരുകളും.. ചെറിയ ഇടനാഴികളും.. വീതിയുള്ള തൂണുകളും… ഉള്ള സാധാരണ സ്‌ക്കൂൾ .
വിശാലമായ മുറ്റവും, നടുക്കുള്ള കൊടിമരവും അതിലുപരി പഴമയുടെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന നിത്യസഹായ മാതാവിന്റെ കപ്പേളയും ഒക്കെയുള്ള ഒരു കൊച്ചു സ്‌കൂൾ.

ഇവിടെയാണ് എന്റെ ആദ്യ പ്രണയത്തിന്റെ ഓർമ്മകൾ ചുറ്റിപ്പറ്റി കിടക്കുന്നത്.
നാലാം ക്ലാസ്സിലെ ഒരു ഉച്ചഭക്ഷണ ഇടവേള. അതേ സ്‌കൂളിൽ പഠിക്കുന്ന അനിയൻ കരഞ്ഞു മൂക്കൊലിപ്പിച്ചു കൊണ്ട് ഓടി വരുന്നു. എന്തോ പണി കിട്ടീണ്ട്. അല്ലേൽ ചെക്കൻ കരഞ്ഞും കൊണ്ട് വരാൻ കാര്യമില്ല.
‘എന്താടാ ?’
പിന്നെം കരച്ചിൽ..

Loading...

അതിനിടയിൽ വിക്കി വിക്കി പറഞ്ഞപ്പോൾ പുറത്തു ചാടിയതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കി എടുത്തു.
നാലാം ക്ലാസ്സിലെ .. സണ്ണിക്കുട്ടി ആണ് താരം.

love-kid
രണ്ട് മൂന്ന് ദിവസമായി അനിയന്റെ രക്ഷകർത്താവായി അവൻ സ്വയം അവരോധിച്ചിട്ടുണ്ട്.
ഗോലികളിക്കുമ്പോ സപ്പോർട്ട് ചെയ്യുക, മുതിർന്ന പിള്ളാര് ആരെയും ഉപദ്രവിച്ചാൽ രക്ഷപ്പെടുത്തുക തുടങ്ങിയ വീര സാഹസിക കഥകൾ അനിയൻ വീട്ടിൽ വന്നു പറഞ്ഞു തുടങ്ങീട്ട് കുറച്ചു നാളായി.
സണ്ണിക്കുട്ടി ഒരു താരമാണ്. മൂന്ന് വരെ ഞാനും അവനും ഒരേ ഡിവിഷൻ.. നാലില് വേറെ വേറെ .
ഇച്ചിരി പോക്കിരി ..
എന്നാലും പഠിക്കാൻ മിടുക്കൻ.. എല്ലാവർക്കും കാര്യമൊക്കെയാ…
ചുമ്മാതാണെലും വല്ലപ്പോഴുമൊക്കെ അവനെ ശ്രദ്ധിച്ചിട്ടുണ്ട്.
അവനാണ് സന്ദേശവുമായി എന്റെ അനിയൻ ഹംസത്തെ പറഞ്ഞു വിട്ടിരിക്കുന്നത്.

‘കല്യാണം കഴിക്കാൻ താത്പര്യമുണ്ട്… എന്റെ അഭിപ്രായം ഒന്നറിയണം.’ അതാണ് സന്ദേശം !!
ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ‘അളിയൻ” ആകേണ്ടി വന്നതിന്റെ ഷോക്കിലാണോന്നറിയില്ല… അനിയനു കരച്ചിലു സഹിക്കാനാവുന്നില്ല.
ആരും കാണാതെ അവനിട്ടൊരു പിച്ചും കുത്തും കൊടുത്ത് ഈ കാര്യം ആരോടും മിണ്ടിപ്പോകരുതെന്ന് ഉഗ്ര ശാസനയും കൊടുത്തു അവനെ ക്ലാസ്സിലേയ്ക്ക് പറഞ്ഞു വിട്ടു.
അന്ന് ഞാൻ സ്‌കൂൾ വിട്ട് വീട്ടിൽ ചെന്നപ്പോഴെക്കും.. എങ്ങനെയോ ഇച്ചിരി നേരെത്തെ വീട്ടിലെത്തി അവൻ സംഭവം പാട്ടാക്കി ..
എല്ലാവരും എന്റെ വരവും നോക്കി നിൽപ്പുണ്ട്.
അവരുടെ നിൽപ്പും അനിയന്റെ വികാരങ്ങൾ വാരിക്കോരിയിട്ട മുഖത്തെ നവരസങ്ങളും കണ്ടപ്പോഴെ കാര്യം മനസ്സിലായി.

എന്തോ വലിയ തെറ്റ് ചെയ്ത ഒരാളേപ്പോലെ ഗേറ്റ് തുറന്ന് അകത്ത് ചെന്നു.
കരഞ്ഞും കൊണ്ട് നിൽക്കുന്ന അനിയനെ നോക്കി…
എന്റെ വാക്കിന് പുല്ലുവില കല്പിക്കാത്തവൻ…
”നിനക്ക് ഞാൻ വച്ചിട്ടുണ്ടെന്ന് ‘ മനസ്സിൽ പറഞ്ഞു.
പെട്ടന്ന് ഒരു കൂട്ടച്ചിരി…
ഒരമ്പരപ്പോലെ ഞാനും .. കരയണോ ചിരിക്കണോ എന്നറിയതെ അനിയനും തലയുയർത്തി നോക്കുമ്പോൾ … എല്ലാവരും നോക്കി ചിരിക്കുന്നു. വലിയ ഒരു സംഭവമാക്കി ഒരു അടിയെങ്കിലും എനിക്ക് ഫ്രീ ആയി വാങ്ങിത്തരാനുള്ള അനിയന്റെ ഏകാംഗഭിനയം കൈയ്യടി കിട്ടാതെ ചീറ്റിപ്പോയി. അല്ലറ ചില്ലറ കളിയാക്കലിനു ശേഷം .. ആ സംഭവം ഒതുങ്ങി പോയി.

പിന്നെ സണ്ണിയെ ഇടയ്ക്ക് ഞാൻ ശ്രദ്ധിച്ചു തുടങ്ങി. ചിരിച്ചാലൊന്നും തിരിച്ച് ഞാൻ ചിരിക്കില്ല. മിണ്ടില്ല. എന്നാലും ഒരു ഇത്.

ആ വർഷം കഴിഞ്ഞ് ഞങ്ങൾ രണ്ടും രണ്ട് സ്‌കൂളുകളിലായി. ഇടയ്ക്ക് വല്ലപ്പോഴും ഓർക്കും.
അങ്ങനെ കുറെ വർഷങ്ങൾ കടന്നു പോയി. ശരിക്കും പറഞ്ഞാൽ പതിനാല് വർഷങ്ങൾ …!!
പിന്നീട് ..ഒരു ഇടവക പള്ളിപ്പെരുന്നാൾ ദിവസം…
പ്രദക്ഷിണം കഴിഞ്ഞ് നേർച്ചയും ഇട്ട് തിരിച്ച് പള്ളിമുറ്റത്ത് എത്തിയപ്പോൾ, മെലിഞ്ഞ് കൊലുന്ന് നല്ല ഉയരത്തിലുള്ള ഒരു പയ്യൻ നോക്കി നിൽക്കുന്നു.
‘ അറിയോ ‘…????
ഒരു നിമിഷം..
അത്രയേ വേണ്ടി വന്നുള്ളൂ.
‘ സണ്ണി ”….???
അതെ പഴയ സണ്ണി.
ആദ്യം അത്ഭുതം! പിന്നെ സന്തോഷം.
രണ്ട് പേരും വിശേഷങ്ങൾ ചോദിച്ചു.പഠിക്കുന്ന കാര്യങ്ങൾ.. വീട്ടുകാരുടെ വിശേഷങ്ങൾ..ഒരുമിച്ച് പഠിച്ചവരുടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
അഞ്ച് മിനിട്ട്. ശേഷം പിരിഞ്ഞു.പിന്നെ കണ്ടപ്പോൾ അവൻ പറഞ്ഞ കാര്യങ്ങൾ കേൾക്കാനൊരു രസമുണ്ടാരുന്നു.എന്റെ സ്‌കൂളിൽ പഠിച്ചിരുന്ന ആരൊക്കെയോ വഴി കുറെ കത്തുകൾ കൊടുത്തു വിടാൻ ശ്രമിച്ചതും പലതും വീട്ടിൽ പിടിക്കപ്പെട്ടതുമെല്ലാം പറഞ്ഞു.പലതും ചെയ്ത് പോയതിലെ ചമ്മലോർത്ത് ചിരിച്ചു.ചെറിയ പ്രായത്തിലെ വിവരമില്ലായ്മ (നിഷ്‌കളങ്കത എന്ന് ചിലര് ചുമ്മാ പറയും) കൊണ്ട് ചെയ്ത ചില അബദ്ധങ്ങളെക്ക റിച്ചോർത്ത് ചിരിച്ചു.

പണ്ടത്തെ കൊച്ചു കുട്ടികളിൽ നിന്ന് പ്രായവും പക്വതയുമുള്ള രണ്ട് വ്യക്തികളായി മാറിയതിന്റെ അതിർവരമ്പുകൾ മുന്നിലുണ്ടായിരുന്നു.

ഒരു പുതിയ സൗഹൃദത്തിന്റെ തുടക്കമായിരുiന്നു.
പ്രണയവും ഇഷ്ടവുമെല്ലാം സൗഹൃദത്തിനു വേണ്ടി മാറി നിന്നു. എന്തും തുറന്നു പറയാനും വിശ്വസിക്കാനും മാത്രം വളർന്നു ആ സൗഹൃദം.പിന്നീട് എല്ലാ സൗഹൃദത്തിലുമെന്നപോലെ പ്രത്യേകിച്ച് ഒരു പെണ്ണും ആണുമായിട്ടുള്ള സുഹൃദമാകുമ്പോൾ ഉണ്ടാകാനിടയുള്ള സംശയങ്ങളും തെറ്റിദ്ധാരണകളും എല്ലാം ഉണ്ടായെങ്കിലും പ്രശ്‌നങ്ങളും പരിഭവങ്ങളും സ്വയം മനസ്സിലാക്കി എപ്പോഴും നല്ല സുഹൃത്തുക്കളായി അന്നും ഇന്നും സാധിക്കുന്നുണ്ട്. അവന്റെ കുടുംബവും ഇന്ന് എനിക്ക് പ്രിയപ്പെട്ട കാര്യങ്ങളിൽ ഒന്നായി നിൽക്കുന്നു.
പഴയ സ്‌കൂളിലെ ചെക്കനും പെണ്ണും ഓർമ്മകളിൽ നിന്നേ മറഞ്ഞു പോയിരിക്കുന്നു.
മുതിർന്ന രണ്ട് സുഹൃത്തുക്കളുടെ മുഖമാണ് ഇന്ന് ആ സ്ഥാനത്ത്.

romance

എങ്കിലും…
വാലന്റെൻസ് ദിനം എന്നു കേൾക്കുമ്പോൾ …
പഴയ പള്ളിക്കൂടത്തിന്റെ വരാന്തയിലും… മൈതാനത്തും.. ആകസ്മികമായി കണ്ടു മുട്ടുമ്പോൾ വിടർന്നു ചിരിക്കുന്ന ഒരു നാലാം ക്ലാസ്സുകാരേനെയും…
അത് കണ്ടില്ലെന്ന് നടിച്ച് തല കുനിച്ച്… ഇടയ്ക്ക് ആരുമറിയാതെ തിരിഞ്ഞു നോക്കി ചിരിച്ചു കൊണ്ട് നടന്നു പോകുന്ന പെൺകുട്ടിയുടെയും മനോഹര ചിത്രം മനസ്സിലേയ്ക്ക് വെറുതെ ഓടിയെത്തുന്നു.

ഇന്ന്…ഈ പ്രണയ ദിനത്തിൽ അറിയാതെയെങ്കിലും മനസ്സിലേയ്ക്ക് ഓടിയെത്തുന്ന രണ്ട് വരി ഗാനമുണ്ട്…

‘ഒരു വട്ടം കൂടിയെൻ….
ഓർമ്മകൾ മേയുന്ന ..
തിരുമുറ്റത്തെത്തുവാൻ..
മോഹം ‘

അങ്ങനെ നമ്മെയെല്ലാവരെയും മോഹിക്കാൻ പഠിപ്പിച്ച.. പ്രണയത്തിന്റെ അനുഭൂതികൾ വരികളിലൂടെ അനശ്വരമാക്കിയ.. ശ്രീ ഓ.എൻ.വിയുടെ ഓർമ്മകൾക്കു മുമ്പിൽ… ഈ പ്രണയ ദിനത്തിൽ..എല്ലാ പ്രണയിതാക്കൾക്കും വേണ്ടി സമർപ്പിക്കുന്നു.