ആദ്യം ഡ്രൈവര്‍; പിന്നീട് കുടുംബത്തിലെ അംഗം; പലരും എന്നെ പീഡിപ്പിച്ചിട്ടും ഒന്നും പുറത്ത് പറയരുതെന്നാണ് കുടുംബം പറയുന്നത്: നടിയുടെ വെളിപ്പെടുത്തല്‍

കറാച്ചി: സിനിമാ മേഖലയിലെ പീഡനകഥകള്‍ ഓരോന്നായി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്.ഈ കൂട്ടത്തിലേക്ക് മറ്റൊരു തുറന്ന് പറച്ചിലുമായി എത്തിയിരിക്കുകയാണ് പാകിസ്താനി നടി നദിയ ജമീല്‍. പുരുഷന്മാരുടെ കപട സദാചാര ബോധത്തിനെതിരെയായിരുന്നു നടി രംഗത്തെത്തിയത്.

കുട്ടിക്കാലത്ത് ഡ്രൈവറാണ് തന്റെ ശരീരത്ത് ആദ്യമായി കൈ വച്ചത്. പിന്നീട് സ്വാധീനമുള്ള ഒരു കുടുംബത്തിലെ അംഗം. അയാള്‍ ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ലണ്ടനില്‍ ജീവിക്കുകയാണെന്നും നദിയ പറയുന്നു. എന്നാല്‍ ഇപ്പോഴും ഒന്നും പുറത്ത് പറയരുതെന്നാണ് തന്റെ കുടുംബം പറയുന്നത്. എന്നാല്‍ ഞാന്‍ എന്തിന് നാണം കെടണം? ഞാനല്ല നാണിക്കേണ്ടത്, ഒരിക്കലും ഞാന്‍ നാണിക്കേണ്ടതില്ലെന്നും നടി പറയുന്നു.

Loading...

ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പാകിസ്താനില്‍ കഴിഞ്ഞദിവസം ബാലികയെ പീഡിപ്പിച്ച് കൊന്നതില്‍ പ്രതിക്ഷേധം ശക്തമായതിനെ തുടര്‍ന്നാണ് നടിയുടെയും പ്രതികരണം. മാനഭംഗം അവസാനിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്ത്രീശരീരത്തിന്റെ ഉടമകള്‍ തങ്ങളാണെന്നു പുരുഷന്മാരെ പഠിപ്പിക്കുന്നത് നിര്‍ത്തുക. ആഗ്രഹിക്കുന്ന ആരുമായും ലൈംഗിക ബന്ധം പുലര്‍ത്താമെന്നാണ് പല പുരുഷന്മാരുടെയും ധാരണ. അതവരുടെ അവകാശമാണെന്നും അവര്‍ വിചാരിക്കുന്നു. ഈ അവകാശബോധം കുട്ടിക്കാലം മുതലേ ആണ്‍കുട്ടികളെ പഠിപ്പിക്കുന്നു. ജന്മനാ ഇത്തരം അറിവുമായി ആരും ജനിക്കുന്നില്ല. സ്ത്രീ ശരീരത്തെക്കുറിച്ചുള്ള ഉടമാബോധം ആണ്‍കുട്ടികളെ പഠിപ്പിക്കുന്നതു നമ്മുടെ സമൂഹം തന്നെയാണ്. ഈ ചീത്ത പാഠവും പഠനവും നിര്‍ത്തൂ. ശരിയായത് കുട്ടികളെ പഠിപ്പിക്കൂ നദിയ ട്വിറ്ററില്‍ കുറിച്ചു.

മാനഭംഗത്തിന് ഇരായകുന്നവര്‍ ശാരീരികമായും മാനസികമായും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു. വിവരം പുറത്തായാലോ എന്ന അപമാനം മറു വശത്ത്. ഈ നിശബ്ദതയില്‍ കുറ്റവാളികള്‍ രക്ഷപെടുന്നു. ഇത് ആവര്‍ത്തിക്കപ്പെടുന്നു. ഞാന്‍ ആദ്യമായി പീഡിപ്പിക്കപ്പെടുമ്പോള്‍ നാല് വയസാണ് ഉണ്ടായിരുന്നത്. കോളെജില്‍ എത്തിയപ്പോഴും എനിക്കെതിരായ ആക്രമണം ശക്തമായിരുന്നു. ഇത് പുറത്ത് പറഞ്ഞാല്‍ തകരുന്നത് കുടുംബത്തിന്റെ അഭിമാനം. കുടുംബത്തിന്റെ അഭിമാനം എന്റെ ചുമലിലാണോ കെട്ടി വച്ചിരിക്കുന്നത്? അഭിമാനിയായ, ശക്തയായ, സ്‌നേഹമുള്ള ഒരു യുവതിയാണ് ഞാന്‍. ഞാന്‍ തന്നെ ആയിരിക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. നദിയ പറയുന്നു.