പുതുച്ചേരിയിൽ മുന്‍ കോണ്‍ഗ്രസ്സ് നേതാവ് നമശ്ശിവായം ബി.ജെ.പിയുടെ നിയമസഭാ കക്ഷി നേതാവ്

ഏതാനും നാളുകൾക്കു മുൻപ് കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ നമശ്ശിവായം കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി നിയമസഭയിലെ ബി.ജെ.പിയുടെ നേതൃത്വം വഹിക്കും. നാരായണസ്വാമി മന്ത്രിസഭയിലെ രണ്ടാമനും കോണ്‍ഗ്രസ്സ് നേതാവും മന്ത്രിയുമായിരുന്നു നമശ്ശിവായം. എന്‍.ഡി.എയുടെ നേതൃത്വത്തിലെ മന്ത്രിസഭയില്‍ മുഖ്യമന്ത്രി സ്ഥാനം എന്‍.രംഗസ്വാമിയെ ഏല്‍പ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം തീരുമാനം എടുത്തിരുന്നു. ഇന്നാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്.

ഇന്ന് രാവിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ലളിതമായ ചടങ്ങിലാണ് നമശ്ശിവായത്തെ നിയമസഭാ കക്ഷി നേതാവായി ചുമതലപ്പെടുത്തിയത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എ.എന്‍.ആര്‍.സി പത്തു സീറ്റും ബി.ജെ.പി 6 സീറ്റുമാണ് നേടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ എ.എന്‍.ആര്‍.സി 3 സീറ്റുകളും ബി.ജെ.പി 5 സീറ്റുകളും കൂടുതല്‍ പിടിച്ചാണ് എന്‍.ഡി.എ സഖ്യത്തെ ശക്തിപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഡി.എം.കെയുടെ എ.കൃഷ്ണനെ 2750 വോട്ടുകള്‍ക്കു മന്നാഡിപേട്ട് മണ്ഡലത്തില്‍ നമശ്ശിവായം തോൽപ്പിച്ചിരുന്നു.

Loading...