അതെല്ലാം നുണയാണെന്ന് എനിക്കറിയാം, പിന്നെ എന്തിനാണ് ദേഷ്യപ്പെടുന്നത്, മീടൂ ആരോപണത്തില്‍ നാനാ പടേക്കര്‍

നടി തനുശ്രീ ദത്ത നടത്തിയ മീടൂ ആരോപണത്തിൽ വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നാനാ പടേക്കര്‍. തനിക്കെതിരെയുള്ള ആരോപണം നുണയാണെന്ന് അറിയാമായിരുന്നു എന്നാണ് താരം പറഞ്ഞത്.

‘എല്ലാം നുണയായതുകൊണ്ട് ഞാന്‍ എന്തിന് ദേഷ്യപ്പെടണം? പിന്നെ അതെല്ലാം പഴയതാണ്. അവരെക്കുറിച്ച് നമുക്ക് എന്ത് സംസാരിക്കാനാകും? സത്യം എല്ലാവര്‍ക്കും അറിയാം. ഇങ്ങനെയൊന്നും സംഭവിക്കാത്ത ആ സമയത്ത് ഞാനെന്തു പറയാനാണ്? പൊടുന്നനെ ആരോ പറയുന്നു നീ ഇത് ചെയ്തു, നീ അത് ചെയ്തു എന്ന്. ഈ കാര്യങ്ങള്‍ക്കെല്ലാം ഞാന്‍ എന്ത് മറുപടി പറയണമായിരുന്നു? ഞാന്‍ ഇത് ചെയ്തില്ല എന്ന് പറയണമായിരുന്നോ? ഞാന്‍ ഒന്നും ചെയ്തിട്ടില്ല എന്ന സത്യം എനിക്കറിയാം.’- നാനാ പടേക്കര്‍ പറഞ്ഞു.

Loading...

2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ നാനാ പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു തനുശ്രീ ദത്തയുടെ ആരോപണം. ഡാന്‍സ് സ്റ്റെപ് പഠിപ്പിക്കാനെന്ന രീതിയില്‍ അടുത്തു വന്നത് തന്നെ ബുദ്ധിമുട്ടിച്ചു എന്നാണ് നടി പറഞ്ഞത്. ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ മീ ടൂ ക്യാമ്പെയ്‌ന്റെ തുടക്കത്തിലുയര്‍ന്ന സംഭവംകൂടിയായിരുന്നു ഇത്.