മീടൂ വെളിപ്പെടുത്തലില്‍ വിറങ്ങലിച്ചിരിക്കുകയാണ് സിനിമലോകം. ഇതിനിടെ ആരോപണ വിധേയര്ക്കൊപ്പം സിനിമ ചെയ്യില്ലെന്ന് വനിത സംവിധായകരില്‍ ഒരാളായ നന്ദിത ദാസ് പറഞ്ഞിരുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നന്ദിത. സമൂഹമാധ്യമങ്ങളിലൂടെ അവര്‍ നടത്തിയ ചില തുറന്നു പറച്ചിലുകള്‍ ചര്‍ച്ചയായിരിക്കുകയാണ്.
പ്രശസ്ത ചിത്രകാരനും നന്ദിതയുടെ അച്ഛനുമായ ജതിന് ദാസിനെതിരെയും മീടൂ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. ഇതോടെയാണ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നന്ദിത രംഗത്തെത്തിയത്. പേപ്പര്‍ മേക്കിങ് കമ്പനിയുടെ സഹസ്ഥാപകയായ നിഷ ബോറയാണ് 14 വര്‍ഷം മുന്‍പ് ജതിന് ദാസില്‍നിന്ന് ദുരനുഭവമുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്.
ലൈംഗിക പീഡനത്തെക്കുറിച്ച് ദുരനുഭവങ്ങളെ കുറിച്ച് മീടൂവിലൂടെ തുറന്നു പറഞ്ഞ സ്ത്രീകളോടൊപ്പം തോളോടു തോള് ചേരുന്നുവെന്ന് നന്ദിത വ്യക്തമാക്കി. മാത്രമല്ല ഒരാള്‍ക്കെതിരെ ആരോപണമുന്നയിക്കുമ്പോള്‍ ആ കാര്യത്തെക്കുറിച്ച് അത്രമാത്രം ഉറപ്പു വേണമെന്നും നന്ദിത പറയുന്നു. ‘മീ ടൂ മൂവ്മെന്റിനെ ശക്തമായി പിന്തുണയ്ക്കുന്ന ഒരാള്‍ എന്ന നിലയില്‍ ആവര്‍ത്തിച്ചു പറയുകയാണ്, എന്റെ ശബ്ദം ഇനിയും മീ ടൂവിനൊപ്പമായിരിക്കും. എന്റെ അച്ഛനു നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ അദ്ദേഹം നിരുപാധികം നിഷേധിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും സുരക്ഷിതമായി കാര്യങ്ങള്‍ തുറന്നു പറയാനുള്ള അവസരം ഒരുക്കണം, തുടക്കം മുതലേ നമ്മളവരെ കേള്‍ക്കാന്‍ തയാറാവണം. അതേസമയം, ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ ഈ മൂവ്മെന്റിന്റെ വീര്യം കെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം’. നന്ദിത പറയുന്നു.