ബുധനാഴ്ച കല്യാണമാണെന്ന് നന്ദു മഹാദേവ, വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്, സസ്‌പെന്‍സ് ഒളിപ്പിച്ച് യുവാവ്, അനുഗ്രഹിച്ച് സോഷ്യല്‍ മീഡിയ

 

ജീവിതത്തില്‍ വില്ലനായി വന്ന കാന്‍സറിനെ പുഞ്ചിരികൊണ്ട് നേരിട്ട് ഒരുപാടാളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്, അവരിലൊരാളാണ് നന്ദു മഹാദേവ എന്ന ചെറുപ്പക്കാരന്‍. ഒരകാല്‍ മുറിച്ച് മാറ്റേണ്ടിവന്നപ്പോഴും ഈ യുവാവ് തകര്‍ന്നില്ല. മറ്റുള്ളവര്‍ക്ക് പ്രചോദനമായി. എന്നാല്‍ വീണ്ടും ഇരുകാലില്‍ നടക്കാന്‍ പോകുകയാണെന്ന സന്തോഷവാര്‍ത്ത നന്ദു ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

Loading...

വരുന്ന ബുധനാഴ്ച തന്റെ വിവാഹമാണെന്നും വധു ഒരു തരത്തില്‍ പറഞ്ഞാല്‍ തനിക്ക് ലഭിക്കാന്‍ പോകുന്ന ജര്‍മ്മനിക്കാരനായ ഓട്ടോബോക്കിന്റെ മൂത്ത മകള്‍ 3R80 ആണെന്നും നന്ദു പേസ്ബുക്കില്‍ കുറിച്ചു. ബുധനാഴ്ച മാവേലിക്കരയില്‍ നടക്കുന്ന ചടങ്ങില്‍ പ്രിയപ്പെട്ടവരെല്ലാം വരണമെന്നും യുവാവ് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ്

രാവിലെ പത്ത് മണിക്ക് ശുഭ മുഹൂര്‍ത്തത്തില്‍ മാവേലിക്കര വെട്ടിയാര്‍ സെന്റ് തോമസ് മാര്‍ത്തോമാ പാരിഷ് ഹാളില്‍ വച്ചാണ് കല്യാണം

ഈ വിവാഹത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്
ജര്‍മ്മനിക്കാരനായ ഓട്ടോബോക്കിന്റെ മൂത്ത മകള്‍ 3R80 ആണ് വധു

എനിക്ക് ഈ ആലോചന കൊണ്ടു വന്ന ഷഫീഖ് പാണക്കാടനോട് പെരുത്തിഷ്ടം..

ആരും ഞെട്ടണ്ട കേട്ടോ..

കല്യാണത്തിനെക്കാള്‍ പ്രധാന്യമുള്ള ഒരു കാര്യമാണ് ചങ്കുകളോട് പറയാനുള്ളത്

ഞാന്‍ ഇരുകാലുകളില്‍ നടക്കാന്‍ പോകുകയാണ്..

ഈ സന്തോഷ വാര്‍ത്ത പറയുമ്പോള്‍ എന്റെ കണ്ണുകള്‍ നിറയുന്നുണ്ട്

ഞാന്‍ നടന്നു കാണാന്‍ ഏറ്റവും ആഗ്രഹിക്കുന്നത് എന്റെ ചങ്കുകള്‍ ഓരോരുത്തരും ആണെന്ന് എനിക്കറിയാം..

ആ കിട്ടുന്ന കാല്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ എന്റെ വധു തന്നെയാണ്
മരണം വരെ എന്റെ ഒപ്പം നടക്കേണ്ടവള്‍
ഞാനെന്ന ഭാരത്തെ സഹിക്കേണ്ടവള്‍
ആ അര്‍ത്ഥത്തില്‍ ഇതൊരു വിവാഹം തന്നെയാണ്
അതുകൊണ്ടാണ് അങ്ങനെ തന്നെ മുഖവുര വച്ചത്

സര്‍ജറി കഴിഞ്ഞ് 6 മാസം ആകുന്നതിന് മുമ്പ് കാലു വയ്ക്കണം എന്നു പറഞ്ഞതാണ്..
അത് കഴിഞ്ഞാല്‍ നടക്കാനുള്ള ആ ഒരു കഴിവ് തലച്ചോറില്‍ നിന്ന് നഷ്ടമായി തുടങ്ങും..
കൃത്യമായ ബാലന്‍സ് കിട്ടില്ല..
ക്രച്ചസും ആയി വല്ലാത്ത ചങ്ങാത്തത്തില്‍ ആയിപ്പോകും..
നിര്‍ഭാഗ്യവശാല്‍ ക്യാന്‍സര്‍ സമ്മാനിച്ച സാമ്ബത്തികപ്രശ്‌നങ്ങള്‍ കാരണം 6 മാസത്തിനുള്ളില്‍ വയ്ക്കാന്‍ കഴിഞ്ഞില്ല..
15 മാസം കഴിഞ്ഞു..
ഇപ്പോള്‍ അത് ലൈഫ് ആന്‍ഡ് ലിംബ് സ്‌പോണ്‌സര്‍ ചെയ്തിരിക്കുന്നു..

പ്രൊഫസര്‍ ഗോപിനാഥ് മുതുകാട് സാറിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ഈ ചടങ്ങിന് മുഴുവന്‍ നേതൃത്വവും നല്‍കുന്നത് ശ്രീ ജോണ്‍സണ്‍ സാമുവേല്‍ സര്‍ ആണ്..

ജാതിമത ഭേദമില്ലാതെ എത്രയോ കോടി രൂപയുടെ ഈ പുണ്യപ്രവര്‍ത്തി ചെയ്യുന്ന അദ്ദേഹത്തോട് പറയാന്‍ വാക്കുകളില്ല..
ഇതുമുഴുവന്‍ സംഘടിപ്പിക്കുന്ന ഇതിന് വേണ്ടി ഓടി നടക്കുന്ന ബേബിച്ചായനാണ് ഞങ്ങടെ ഊര്‍ജ്ജം
ബേബിച്ചായാനോടൊപ്പം ഓടി നടക്കുന്ന രാജന്‍ സറും പ്രവീന്‍ ഇറവങ്കര സറും നന്മമരങ്ങളാണ്
ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ആരാധ്യനായ ചിറമേല്‍ ഫാദറും ഉണ്ട്
എനിക്കൊപ്പം 50 പേര്‍ക്കാണ് കാലുകള്‍ നല്‍കുന്നത്
ജര്‍മ്മന്‍ കമ്ബനിയായ ഓട്ടോബോക്കിന്റെ കാലുകള്‍ ആണ് വിതരണം ചെയ്യുന്നത്

പ്രിയമുള്ളവരെല്ലാം വരണം..
അനുഗ്രഹിക്കണം..
വരുന്ന ബുധനാഴ്ച മാവേലിക്കര വച്ചാണ്
ചങ്കുകളേ ഓരോരുത്തരെയും വിളിച്ച് പറയാന്‍ കഴിയുന്നില്ല.
ഇതൊരു ക്ഷണം ആയിത്തന്നെ കാണണം..

കുഞ്ഞുങ്ങളെപ്പോലെ പിച്ചവച്ചു നടന്നു തുടങ്ങുന്ന എനിക്ക് പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥന വേണം..

NB : നോട്ടീസ് കമന്റ് ബോക്സില്‍ ഉണ്ട്

സ്‌നേഹം നന്മമരങ്ങളോട്