എല്ലാ പൗരന്മാരെയും തിരിച്ചെത്തിക്കും ; ഇന്ത്യ ഉദിച്ചുയരുന്ന ശക്തിയെന്ന് പ്രധാനമന്ത്രി

ദില്ലി: യുക്രൈനിൽ കുടുങ്ങിയിരിക്കുന്ന എല്ലാ ഇന്ത്യക്കാരെയും ഉടൻ തിരിച്ചെത്തിക്കുമെന്നും ഇന്ത്യ ഉദിച്ചുയരുന്നൊരു ശക്തിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കാരെ പൂർണ്ണമായും തിരിച്ചെത്തിക്കാൻ കഴിയുന്നില്ലെന്ന് കേന്ദ്രത്തിനെതിരായ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ എംബസി പലപ്പോഴും പ്രധാനപ്പെട്ട വിവരങ്ങൾ കൈമാറാൻ തയ്യാറാവുന്നില്ലെന്നും അവിടെ കുടുങ്ങിയ ചില വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ വിഷയത്തിലാണ് പ്രതികരിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയത്.‘ഇന്ത്യ ഉദിച്ചുയരുന്നൊരു ശക്തിയാണ്.

അതിനാൽ, തീർച്ചയായും ഇന്ത്യയ്ക്ക് യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാൻ സാധിക്കും’- മോദി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ ആറാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പ്രചാരണ പരിപാടിയിലായിരുന്നു മോദിയുടെ പരാമർശം.സൈന്യത്തിന്റെ ധീരകൃത്യങ്ങളേയും മെയ്ക്ക് ഇൻ ഇന്ത്യയേയും ചോദ്യം ചെയ്തവർക്ക് രാജ്യത്തെ ശക്തമാക്കാൻ സാധിക്കില്ല. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള എല്ലാ നടപടികളും ഓപ്പറേഷൻ ഗംഗയ്ക്ക് കീഴിൽ നടപ്പിലാക്കി വരികയാണ്. ആയിരത്തിലേറെ പൗരന്മാരെ തിരിച്ചെത്തിച്ചു. ദൗത്യത്തിന് വേഗം കൂട്ടാൻ നാല് മന്ത്രിമാരെ രാജ്യം അവിടേയ്ക്ക് അയച്ച് കഴിഞ്ഞു. ഇന്ത്യക്കാരുടെ സുരക്ഷിതമായ തിരിച്ചെത്തിക്കലിനായി ആവുന്നതെല്ലാം ചെയ്യും’- പ്രധാനമന്ത്രി പറഞ്ഞു.

Loading...