ഭീകരവാദത്തിനെതിരെ കടുത്തനിലപാട് സ്വീകരിക്കേണ്ട നിര്‍ണായക സമയം, ‘ഹൗഡി മോദി’യില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭീകരവാദത്തിനെതിരെ കടുത്തനിലപാട് സ്വീകരിക്കേണ്ട നിര്‍ണായക സമയമായെന്ന്‌ ‘ഹൗഡി മോദി’യില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൂസ്റ്റണിലെ എന്‍ ആര്‍ ജി സ്‌റ്റേഡിയത്തിലെ നിറഞ്ഞുകവിഞ്ഞ സദസ്സ് മോദിയുടെ വാക്കുകള്‍ ആവേശത്തോടെ സ്വീകരിച്ചു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ട്. സ്വന്തം രാജ്യം നന്നായി ഭരിക്കാനറിയാത്തവരാണ് ഇവര്‍. ഇതേ ആളുകളാണ് ഭീകരവാദത്തെ സംരക്ഷിക്കുന്നതും വളര്‍ത്തുന്നതും. ലോകത്തിനു മുഴുവന്‍ അവരെ കുറിച്ച് വളരെ നന്നായി അറിയാം- പാകിസ്താനെ പരോക്ഷമായി വിമര്‍ശിച്ച് മോദി പറഞ്ഞു.

Loading...

അമേരിക്കയില്‍ സംഭവിച്ച 9/11 ആവട്ടെ അല്ലെങ്കില്‍ മുംബൈയില്‍ നടന്ന 26./11 ആവട്ടെ ആസൂത്രകരെ എവിടെനിന്നാണ് കണ്ടെത്തിയത്? ഭീകരവാദത്തിനെതിരെയും അതിനെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെയും നിര്‍ണായക പോരാട്ടം നടത്തേണ്ട സമയമായെന്ന് മോദി പറഞ്ഞു.

ഇന്ത്യയില്‍ എല്ലാം നന്നായിരിക്കുന്നുവെന്ന് വിവിധഭാഷകളില്‍ മോദി പറഞ്ഞു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും കുടുംബത്തെയും പ്രസംഗം അവസാനിപ്പിക്കുന്നതിന് മുമ്പ് ഇന്ത്യയിലേക്ക് ക്ഷണിക്കാനും മോദി മറന്നില്ല. താന്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് തൊട്ടുമുമ്പത്തെ പ്രസംഗത്തില്‍ ട്രംപ് സൂചിപ്പിച്ചിരുന്നു.