ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പതാകയുയര്‍ത്തി

Loading...

73-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിലാണ് ഇന്ന് രാജ്യം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പതാകയുയര്‍ത്തി. രാജ്ഘട്ടില്‍ മഹാത്മഗാന്ധിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ച ശേഷമാണ് അദ്ദേഹം ചെങ്കോട്ടയിലെത്തിയത്.
വിവിധ സേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ അദ്ദേഹം സ്വീകരിച്ചു. ഇതിനുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പതാകയുയര്‍ത്തിയത്.

സ്വാതന്ത്രസമര പോരാളികള്‍ക്ക് പ്രണാമം അര്‍പ്പിച്ച പ്രധാനമന്ത്രി പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. പ്രളയത്തില്‍ വലിയ വിഭാഗം ജനങ്ങള്‍ ദുരിതമനുഭവിക്കുന്നെന്നും അവരെ സഹായിക്കുമെന്നും മോദി പറഞ്ഞു. പ്രളയരക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കി നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Loading...

ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും സര്‍ക്കാര്‍ പാലിക്കും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. രാജ്യത്തിന്റെ ഭാവിയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഭിസംബോധനാ പ്രസംഗത്തില്‍ കശ്മീര്‍ വിഷയവും മുത്തലാഖും അദ്ദേഹം പരാമര്‍ശിച്ചു. 370- ാം അനുച്ഛേദം റദ്ദാക്കിയത് രാജ്യത്തിന് ഒരു ഭരണഘടന എന്ന ലക്ഷ്യം നിറവേറ്റാനാണ്. അത് പട്ടേലിന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. എഴുപത് വര്‍ഷത്തെ തെറ്റ് എഴുപത് ദിവസം കൊണ്ട് തിരുത്താനായി. കശ്മീരിലും ലഡാക്കിലും വികസനം എത്തിക്കുമെന്നും വൈകാതെ രാജ്യത്ത് ഒരൊറ്റ തെരഞ്ഞെടുപ്പ് എന്ന രീതിയില്‍ എത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുത്തലാക്ക് ബില്‍ നടപ്പിലാക്കിയത് നീതിക്ക് വേണ്ടിയാണ്. മുസ്ലീം സ്ത്രീകള്‍ക്ക് നീതി നടപ്പിലാക്കുന്നതിനായാണ് മുത്തലാഖ് നിരോധിച്ചത്. മുസ്ലീം സഹോദരിമാര്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞുവെന്നും മോദി പറഞ്ഞു.