അവസാന സൈനികനും തിരിച്ചെത്തുംവരെ കാത്തിരുന്നു’, സൈനിക നടപടി തത്സമയം നിരീക്ഷിച്ചിരുന്നു; മിന്നലാക്രമണത്തെക്കുറിച്ച് മോദി

ന്യൂഡല്‍ഹി: ദൗത്യം വിജയിക്കുമോ പരാജയപ്പെടുകയോ ചെയ്യട്ടെ സൂര്യോദയത്തിന് മുമ്പെ നിങ്ങള്‍ തിരികെ എത്തണം. പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കാനായി മിന്നലാക്രമണത്തിന് പുറപ്പെടാനൊരുങ്ങിയ കമാന്‍ഡോ സംഘത്തിനോടാണ് മോദി ഇക്കാര്യം പറഞ്ഞത്. തന്റെ സര്‍ക്കാര്‍ അഭിമാനത്തോടെ പലകുറി ആവര്‍ത്തിക്കുന്ന മിന്നലാക്രമണത്തെപ്പറ്റി മോദി ആദ്യമായാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.

2016 സെപ്റ്റംബര്‍ 28 നാണ് ഉറി സൈനിക ക്യാമ്പിലെ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യേക കമാന്‍ഡോ സംഘം പാക് അധീന കശ്മീരിലെ ഭീകരവാദി ക്യാമ്പുകള്‍ക്ക് നേരെ കടന്നുകയറി ആക്രമണം അഴിച്ചുവിട്ടത്.

Loading...

മിന്നലാക്രമണത്തിന്റെ തിയതികള്‍ രണ്ടുതവണ മാറ്റി നിശ്ചയിച്ചിരുന്നുവെന്നും കമാന്‍ഡോ സംഘങ്ങളുടെ സുരക്ഷയെ കരുതി വിവരങ്ങള്‍ അതീവ രഹസ്യമായി മനസില്‍ സൂക്ഷിക്കുകയായിരുന്നുവെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോദി വ്യക്തമാക്കുന്നു.

ഉറിയില്‍ സൈനികരെ ഭീകരര്‍ ജീവനോടെ അഗ്നിക്കിരയാക്കിയതിനോടുള്ള പക തന്റെയും സൈനികോദ്യോഗസ്ഥരുടെയും ഉള്ളില്‍ വളര്‍ന്നതാണ് മിന്നലാക്രമണം പ്ലാന്‍ ചെയ്യുന്നതിലേക്കെത്തിയതെന്ന് മോഡി പറഞ്ഞു.

സൈനിക നടപടി തത്സമയം താന്‍ നിരീക്ഷിച്ചിരുന്നുവെന്നും മോദി വെളിപ്പെടുത്തി. ഇതൊരു വലിയ വെല്ലുവിളിയാണെന്ന് ബോധ്യമുണ്ടായിരുന്നു. സൈനികരുടെ സുരക്ഷയ്ക്കാണ് താന്‍ പ്രഥമ പരിഗണന നല്‍കിയത്. രാഷ്ട്രീയ പ്രതിസന്ധികളെ കാര്യമാക്കിയിരുന്നില്ലെന്നും മോദി പറഞ്ഞു.

പുലര്‍ച്ചെ ആയപ്പോഴേക്കും വിവരങ്ങള്‍ ലഭിക്കുന്നത് മണിക്കൂറുകളോളം നിലച്ചു. അതോടെ എന്റെ ആശങ്ക വര്‍ധിച്ചു. മൂന്നുയുണിറ്റുകളില്‍ രണ്ടുപേര്‍ തിരിച്ചെത്തിയെന്ന വിവരം ഒരുമണിക്കൂറിന് ശേഷം ലഭിച്ചു. മറ്റുള്ളവര്‍ ഉടനെ എത്തുമെന്ന് അവര്‍ അറിയിച്ചെങ്കിലും അവസാനത്തെ ആളും തിരികെ എത്തുന്നതുവരെ തനിക്ക് മനസമാധാനമുണ്ടായിരുന്നില്ല- മോദി പറയുന്നു.