ധോണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്

റാഞ്ചി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. ധോണി തന്റെ സോഷ്യല്‍ മീഡിയകളിലൂടെ തനിക്ക് ലഭിച്ച രണ്ട് പേജുള്ള കത്ത് പങ്കുവെച്ചിട്ടുണ്ട്. റാഞ്ചിയെന്ന ചെറുപട്ടണത്തില്‍ നിന്ന് കഠിനാദ്ധ്വാനത്തിലൂടെ ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് ധോണിയെന്ന് പ്രധാനമന്ത്രിയുടെ കത്തില്‍ പറയുന്നു. ധോണി നേടിത്തന്ന ലോകകപ്പ് ഉള്‍പ്പടെയുള്ള വിജയങ്ങള്‍ക്ക് 130 കോടി ജനത ആത്മീയമായി അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നതായും മോഡി ചൂണ്ടിക്കാട്ടി.

ഏതൊരു കലാകാരനും കായിക താരവും സൈനികനും ആഗ്രഹിക്കുന്നത് അഭിനന്ദനങ്ങളാണെന്നും അപ്പോള്‍ മാത്രമേ തങ്ങളുടെ കഠിനാദ്ധ്വാനവും ത്യാഗവും അംഗീകരിക്കപ്പെട്ടതായി തോന്നുകയുള്ളൂവെന്നും ധോണി കത്ത് പോസ്റ്റ് ചെയ്തതിനൊപ്പം ട്വിറ്ററില്‍ കുറിച്ചു.

Loading...

സ്വാതന്ത്ര്യ ദിനത്തിലാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി അറിയിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇത്രയും കാലം നല്‍കിയ പിന്തുണക്കും സ്‌നേഹത്തിനും നന്ദി, ഇന്ന് 07.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണം. എന്നാണ് ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്പോഴാണ് രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി ധോണി പ്രഖ്യാപിച്ചത്. ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ധോണിയുടെ പ്രഖ്യാപനം. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പാണ് ധോണിയുടെ കരിയറിലെ അവസാന പരമ്പര. ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരായ മത്സരം ധോണിയുടെ രാജ്യാന്തര കരിയറിലെ അവസാന മത്സരമായിരുന്നു. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘടിപ്പിക്കുന്ന ക്യാംപിലാണ് ധോണി ഇപ്പോള്‍. ഇതിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.