രാജ്യം അയോധ്യവിധിയ്ക്ക് കാതോര്‍ത്തിരുന്നപ്പോള്‍ നരേന്ദ്രമോഡി ബാബാ നാനാക്ക് ഗുരുദ്വാരയില്‍

കര്‍താപൂര്‍ : രാജ്യം ഏറെ ആകാംക്ഷയോടെ അയോധ്യവിധിയ്ക്ക് കാതോര്‍ത്തിരുന്ന ആ വിധിപ്രസ്താവ സമയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി എവിടെ ആയിരുന്നു….? ചിലരെങ്കിലും ഇക്കാര്യം ചിന്തച്ചിരിക്കും. ആ ചരിത്ര മുഹൂര്‍ത്തത്തില്‍ ഗുരുദാസ്പൂരിലെ ബാബാ നാനാക്ക് ഗുരുദ്വാരയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാകിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി ഗുരുദാസ്പൂരില്‍ എത്തിയത്. ഗുരുദാസ്പൂര്‍ എം.സി സണ്ണി ഡിയോളും കേന്ദ്രമന്ത്രി ഹര്‍ദീപ് പുരിയും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.

Loading...

കര്‍താപൂര്‍ ഇടനാഴിയുടെ ഉത്ഘാടനം ഇന്ത്യയില്‍ നരേന്ദ്രമോഡിയും പാകിസ്ഥാനില്‍ ഇമ്രാന്‍ഖാനുമാണ് നടത്തുന്നത്. അഞ്ഞൂരിലേറെ അംഗങ്ങളടങ്ങുന്ന ആദ്യ ഇന്ത്യന്‍ തീര്‍ത്ഥാടക സംഘത്തിന് മോഡി ഫ്‌ളാഗ് ഓഫ് ചെയ്യും. 4.5 കിലോമീറ്റര്‍ നീളമാണ് കര്‍താപൂര്‍ ഇടനാഴിക്ക് ഉള്ളത്.

ഇതിനിടെ, എടുത്തു പറയേണ്ട മറ്റൊരു കാഴ്ച അയോധ്യകേസ് വിധിയ്ക്ക് മുന്നോടിയായി ട്വിറ്ററില്‍ വൈറലായത് ‘ഹിന്ദു മുസ്ലീം ഭായ് ഭായ്’ ഹാഷ്ടാഗാണ്. 12,000 ലേറെ ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ പോസ്റ്റു ചെയ്യപ്പെട്ടത്.

ഇരു മതസ്ഥരും സഹജീവികളാണെന്നും സുഹൃത്തുക്കളാണെന്നും അങ്ങനെ ആവണമെന്നും മനുഷ്യ മനസിനെ ആര്‍ക്കും വിഭജിക്കാനാകില്ലെന്നുമുള്ള നിരവധി പോസ്റ്റുകളാണ് ട്വീറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

പുറത്തു വരാനിരിക്കുന്ന അതിവൈകാരികമായ നീക്കങ്ങളെ മുന്‍ നിര്‍ത്തി കനത്ത സുരക്ഷയാണ് രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയിരുന്നത്. എല്ലാ സംസ്ഥാനങ്ങളും കനത്ത ജാഗ്രതയിലാണ്. സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ഏറെ ശ്രദ്ധിക്കണമെന്ന് നിര്‍ദേശവും നല്‍കിയിരുന്നു.

ഇതിനിടെയാണ് സഹോദര്യത്തിന്റെ സന്ദേശം നിറയുന്ന ‘ഹിന്ദു മുസ്ലീം ഭായ് ഭായ്’ എന്ന ഹാഷ്ടാഗ് പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അതേസമയം, രാജ്യം ഉറ്റുനോക്കിയിരുന്ന അയോധ്യ തര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കര്‍ശന സുരക്ഷ തുടരുന്നു. വിധി പുറത്തു വന്നുവെങ്കിലും കര്‍ശന സുരക്ഷ തുടരുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കേരളം എന്തിനും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

നബി ദിന റാലിക്ക് വിലക്കില്ല. വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ഡിജിപിയും കൂടിക്കാഴ്ച നടത്തി. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അയോധ്യയില്‍ വിധി എന്തുതന്നെ ആയാലും അതിനെ സമാധാനപരമായി സ്വീകരിക്കാന്‍ എല്ലാ ജനങ്ങളും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

സംയമനത്തോടെയുള്ള പ്രതികരണങ്ങള്‍ മാത്രമേ കേരളത്തില്‍ നിന്നും ഉണ്ടാകാവൂ എന്നും അതീവജാഗ്രത പാലിക്കണമെന്നും പോലീസിനും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അയോധ്യ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി തള്ളി സുപ്രീം കോടതി. തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണം. മുസ്‌ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നും കോടതി പറഞ്ഞു. ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കും.

കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കും. അത് ഉചിതമായ സ്ഥലത്ത് നല്‍കും.

എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കി.

അയോധ്യയില്‍ രാമന്‍ ജനിച്ചു എന്ന ഹിന്ദുക്കളുടെ വിശ്വാസത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും തര്‍ക്കഭൂമി ആരുടേതെന്ന് തീരുമാനിക്കുന്നത് നിയമപരമായ വശങ്ങള്‍ കണക്കിലെടുത്തായിരിക്കുമെന്നും ദൈവശാസ്ത്രമല്ല ചരിത്ര വസ്തുതകളാണ് അടിസ്ഥാനമെന്നും കോടതി പറഞ്ഞു.