നരിയംപാറയിൽ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ചിത്രം സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച സംഭവം: പൊലീസ് കേസെടുത്തു

കട്ടപ്പന: ഇടുക്കി നരിയംപാറയിൽ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ചിത്രം സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസിലെ പ്രതി മനു മനോജിന്റെ മരണത്തിന് പിന്നാലെയാണ് ഇയാളോടുത്തുള്ള പെൺകുട്ടിയുടെ ഫോട്ടോ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് പൊലീസിൻ്റെ അന്വേഷണം.

ചിലയിടത്ത് മനുവിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് സ്ഥാപിച്ച് ഫ്ലക്സുകളിലും ഇരയുടെ പടം ചേർത്തിട്ടുണ്ട്. ഇത് സ്ഥാപിച്ചവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പീഡനക്കേസുകളിൽ ഇരയാവുന്നവരുടെ ചിത്രങ്ങളും വ്യക്തിവിവരങ്ങളും പരസ്യപ്പെടുത്തുന്നത് ​ഗുരുതരമായ കുറ്റമായി നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. നരിയംപാറ പീഡനക്കേസിൽ പ്രതി ചേ‍ർക്കപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തതോടെ ഇരുവരുടേയും വീട്ടുകാരും നാട്ടുകാരും വ്യത്യസ്തമായ അഭിപ്രായങ്ങളും ആരോപണങ്ങളുമായി രം​ഗത്ത് സജീവമാണ്.

Loading...

അതേസമയം കട്ടപ്പന നരിയംപാറ പീഡനക്കേസിലെ പ്രതി മനു മനോജ് ജയിലിൽ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായ ബന്ധുക്കൾ രംഗത്തെത്തി. മനുവിനെ ജയിൽ ജീവനക്കാർ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്നും രണ്ട് പേരുടെ ജീവനെടുത്തത് സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള ബിജെപിയുടെ രാഷ്ട്രീയ കളിയാണെന്നും അച്ഛൻ മനോജ് ആരോപിച്ചു. ജയിലിലെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ‘മനുവും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. പ്രായപൂർത്തിയായാൽ വിവാഹം നടത്താൻ രണ്ട് വീട്ടുകാരും ചേർന്ന് തീരുമാനിച്ചതാണ്. എന്നാൽ പിന്നീട് പെൺകുട്ടിയുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് കേസ് നൽകുകയായിരുന്നു. ഇയാളാണ് കേസിന് പിന്നിൽ പ്രവർത്തിച്ചത്. ഇയാളുടെ സമ്മർദ്ദത്തിൽ ജയിൽ ജീവനക്കാർ മനുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്നും മനോജ് ആരോപിച്ചു.