ക്യൂരിയോസിറ്റി പകര്‍ത്തിയ ചൊവ്വയുടെ ചിത്രങ്ങള്‍, ജീവന്റെ തുടിപ്പുകള്‍?

ചൊവ്വയെ അറിയാനായി ഓരോ രാജ്യവും ശ്രമിക്കുകയാണ്. ചൊവ്വാ ദൗത്യങ്ങള്‍ക്ക് ആകാംക്ഷ ഏറ്റിയിരിക്കുകയാണ് ക്യൂരിയോസിറ്റി റോവര്‍ ഭൂമിയിലേക്ക് അയച്ച വിചിത്രമായ ചിത്രങ്ങള്‍. ജീവന്റെ സാധ്യതകള്‍ തേടിയാണ് ചൊവ്വയില്‍ ക്യൂരിയോസിറ്റിയുടെ തിരച്ചില്‍. ചൊവ്വയിലെ ഗാലെ ക്രാറ്റര്‍ മേഖലയിലാണ് ജീവന്റെ സാധ്യതകള്‍ ക്യൂരിയോസിറ്റി അന്വേഷിക്കുന്നത്.

ഇതിനിടെയാണ് ചില ചിത്രങ്ങള്‍ ക്യൂരിയോസിറ്റി ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. ചൊവ്വാ ഗ്രഹത്തിന്റെ പ്രതലത്തിന്റെ ഭംഗിയും വിശാലതയും കാണിക്കുന്ന കൗതുക ചിത്രങ്ങളാണ് ഇപ്പോള്‍ ക്യൂരിയോസിറ്റി അയച്ചിരിക്കുന്നത്.

Loading...

ക്യൂരിയോസിറ്റിയിലെ ക്യാമറ നവംബര്‍ മൂന്നിന് എടുത്ത ചിത്രത്തില്‍ പാറകളും മണ്ണും നിറഞ്ഞ പ്രദേശം വ്യക്തമായി കാണാം. ദൂരെ പര്‍വ്വതങ്ങളുടെ പൊടി നിറഞ്ഞ കാഴ്ചയും ക്യൂരിയോസിറ്റിയുടെ ചിത്രത്തിലുണ്ട്. ചില ചിത്രങ്ങള്‍ ക്യൂരിയോസിറ്റി കൂടി ഉള്‍പ്പെടുന്നതാണ്. ടീഹ 2573 എന്നും ചിത്രത്തില്‍ രേഖപ്പെടുത്തിയിടുണ്ട്. ഒരു ടീഹ എന്നത് ചൊവ്വയിലെ ഒരു ദിവസമാണ്. ക്യൂരയോസിറ്റി ചൊവ്വയിലിറങ്ങിയ ദിവസത്തെ ടീഹ 0 ആയാണ് കണക്കാക്കുന്നത്.

നിലവില്‍ ക്യൂരിയോസിറ്റിയുള്ള ഗാലെ ക്രാറ്റര്‍ മേഖലക്ക് 154 കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. സെന്‍ട്രല്‍ ബൂട്ടെ എന്ന് വിളിക്കുന്ന പ്രദേശത്തെ പാറയുടെ അടരുകളും ക്യൂരിയോസിറ്റി ശേഖരിക്കും. മേഖലയില്‍ ജലത്തിന്റെ സാന്നിധ്യം ഭൂതകാലത്ത് ഉണ്ടായിരുന്നോ എന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണിത്. ചൊവ്വയിലെ ജലത്തിന്റെയും ജീവന്റെയും സാന്നിധ്യത്തിന്റെ തെളിവ് കണ്ടെത്തുകയാണ് ക്യൂരിയോസിറ്റിയുടെ ലക്ഷ്യം. രണ്ട് വര്‍ഷത്തേക്കായിരുന്നു ദൗത്യത്തിന്റെ കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ക്യൂരിയോസിറ്റി ഈ കാലാവധി കഴിഞ്ഞും പൂര്‍വാധികം ഉത്സാഹത്തോടെ പ്രവര്‍ത്തനം തുടര്‍ന്നതോടെ അനിശ്ചിത കാലത്തേക്ക് ദൗത്യം നീട്ടുകയായിരുന്നു. നിലവില്‍ 2,000 ദിവസത്തിലേറെയായിട്ടുണ്ട് ക്യൂരിയോസിറ്റിയുടെ ചൊവ്വാ ദൗത്യം.

അതേസമയം ചൊവ്വ ഗ്രഹത്തില്‍ ഭൂമിയിലേതിനു സമാനമായ ഉപ്പു തടാകങ്ങള്‍ ഉണ്ടായിരുന്നു എന്നു പഠനം. കാലാന്തരത്തില്‍ അവ വറ്റിവരണ്ടു പോയതാവാം. ചൊവ്വയിലെ ഗെയ്ല്‍ ഗര്‍ത്തത്തില്‍ 300 കോടി വര്‍ഷം മുന്‍പ് അത്തരമൊരു ഉപ്പു തടാകമുണ്ടായിരുന്നുവെന്നും അന്തരീക്ഷ മര്‍ദം കുറഞ്ഞതുമൂലം അതു ബാഷ്പീകരിച്ചാവാം ഇപ്പോഴത്തെ പാറക്കെട്ടുകള്‍ രൂപപ്പെട്ടതെന്നും നേച്ചര്‍ ജിയോ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 2012 മുതല്‍ നാസയുടെ ക്യൂരിയോസിറ്റി ഇവിടെ പര്യവേക്ഷണം നടത്തിവരികയാണ്.

360 കോടി വര്‍ഷം മുന്‍പ് ഉല്‍ക്ക വീണു രൂപപ്പെട്ടതാണ് ഗെയ്ല്‍ ഗര്‍ത്തം. ഇവിടെ ദ്രാവക രൂപത്തില്‍ ജലം ഉണ്ടായിരുന്നു. അതില്‍ സൂക്ഷ്മജീവികളും. പിന്നീട് അവ വരണ്ടുണങ്ങി ഇന്നുകാണുന്ന രൂപത്തിലായി.

ബൊളീവിയപെറു അതിര്‍ത്തിക്കടുത്തുള്ള അല്‍ട്ടിപ്ലാനോ പ്രദേശത്ത് ഇന്നു കാണുന്ന തരം ഉപ്പുതടാകങ്ങളായിരുന്നു ചൊവ്വയില്‍ ഉണ്ടായിരുന്നത്. വേനല്‍ക്കാലത്ത് അവ വറ്റിവരളുന്നു. ചൊവ്വയില്‍ സംഭവിച്ചത് ഇതുതന്നെയാകാം– പഠനം പറയുന്നു.