നസീമിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചതിനു യൂണിവേഴ്സിറ്റി കോളജ് മുൻ വിദ്യാർഥികൾക്ക് കൂട്ടുപ്രതിടെ മര്‍ദനം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത്, പി.എസ്.സി തട്ടിപ്പ് കേസുകളിൽ പ്രതിയായ നസീമിനെതിേര സാമൂഹികമാധ്യമത്തിൽ പ്രതികരിച്ചതിനു സഹപ്രതിയുടെ നേതൃത്വത്തിൽ മുൻ വിദ്യാർഥികൾക്കു മർദനം. യൂണിവേഴ്സിറ്റി കോളേജിൽ ടി.സി. വാങ്ങാനെത്തിയ രണ്ടുപേരെയാണ് സംസ്കൃത കോളേജിൽ കൊണ്ടുപോയി ക്രൂരമായി മർദിച്ചത്.

ഒരു വർഷം മുമ്പ് പഠിച്ചിറങ്ങിയ തമലം സ്വദേശിക്കും ആര്യങ്കോട് സ്വദേശിക്കുമാണ് മർദനമേറ്റത്. യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത്, പി.എസ്.സി. പരീക്ഷത്തട്ടിപ്പ് എന്നീ കേസുകളിൽ പ്രതിയായ നസീം ഏതാനും ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

Loading...

കഴിഞ്ഞദിവസം നസീം സാമൂഹികമാധ്യമങ്ങളിൽ പരീക്ഷത്തട്ടിപ്പ് തന്റെ കഴിവാണെന്ന തരത്തിൽ നടത്തിയ പ്രതികരണം വിവാദമായിരുന്നു. ഇതിനെതിേര വന്ന പ്രതികരണങ്ങളെ പിന്തുണച്ച് ആര്യങ്കോട് സ്വദേശിയായ മുൻ വിദ്യാർഥിയും എത്തിയിരുന്നു. ഇതു ചോദിച്ചാണ് കത്തിക്കുത്ത് കേസിൽ നസീമിന്റെ കൂട്ടുപ്രതിയായിരുന്ന വിദ്യാർഥിയുടെ നേതൃത്വത്തിൽ ഇവരെ മർദിച്ചത്.

ഇതിൽ ഒരാൾ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. മൊഴിയെടുക്കാൻ പോലീസ് ജനറൽ ആശുപത്രിയിലെത്തിയെങ്കിലും മർദനമേറ്റവർ ഒഴിഞ്ഞുമാറി. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി തങ്ങൾക്കു പരാതിയില്ലെന്ന് അറിയിച്ചു.

തമലം സ്വദേശിക്കാണ് കൂടുതൽ മർദനമേറ്റത്. സംഘംചേർന്നു മർദിച്ചശേഷം സംസ്കൃത കോളേജിലുണ്ടായിരുന്നവർ ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യം ഇവർ പരാതിനൽകാൻ ആലോചിച്ചെങ്കിലും വീണ്ടും ഭീഷണികളുണ്ടായതോടെയാണ് പോലീസിൽ പരാതിനൽകാതെ പിൻവലിഞ്ഞതെന്നാണ് സൂചന.

മുൻ എസ്.എഫ്.ഐ. നേതാവായ നസീം പി.എസ്.സി. പരീക്ഷത്തട്ടിപ്പിൽ മൂന്നാംപ്രതിയും യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ രണ്ടാംപ്രതിയുമാണ്.

പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ റാങ്ക് നേടിയ ശിവരഞ്ജിത്തും നസീമും ബിരുദാനന്തരബിരുദ പരീക്ഷകളിലെ മിക്ക സെമസ്റ്ററുകളിലും തോറ്റതിന്റെ രേഖകൾ പുറത്ത് വന്നിരുന്നു.

അതേസമയം പി.എസ്.സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും ജയിൽ മോചിതരായി. യുണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലും പി.എസ്.സി തട്ടിപ്പ് കേസിലും പോലീസ് കുറ്റപത്രം നൽകാതിരുന്നതാണ് സ്വാഭാവിക ജാമ്യം ലഭിക്കാൻ കാരണം. എല്ലാ കേസിലും ജാമ്യം ലഭിച്ചതോടെയാണ് പ്രതികൾ സെൻട്രൽ ജയിൽ വിട്ടത്.

നേരത്തെ യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പി.എസ്.സി പരീക്ഷ ക്രമക്കേടിൽ ഹൈക്കോടതി സ്വാഭാവിക ജാമ്യം നൽകാമെന്ന് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ പോലീസ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാതിരുന്നതാണ് ഇത്തരത്തിൽ ജാമ്യം ലഭിക്കാനിടയാക്കിയത്.

പി.എസ്.സി തട്ടിപ്പ് കേസിലും സമാനമായ സാഹചര്യമാണുള്ളത്. പ്രതികളിൽ ചിലർകൂടി പിടിയിലാവാനുള്ളതാണ് യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകാനുള്ള കാരണമെന്നാണ് പോലീസിന്റെ വിശദീകരണം. പി.എസ്.സി കേസിൽ അന്വേഷണം വൈകിയാണ് തുടങ്ങിയതെന്നും അതിനാൽ കുറ്റപത്രം സമർപ്പിക്കാനായിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നു.

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ ആകെ 19 പ്രതികളാണുള്ളത്. ഇതിൽ ഒരാൾകൂടെ പിടിയിലാവാനുണ്ടെന്നാണ് പോലീസ് പറയുന്നത്. ഈ കേസിൽ കുറ്റപത്രം സമർപ്പിക്കാത്തത് വലിയ വിമർശങ്ങൾക്ക് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് പി.എസ്.സി കേസിലും സമാനമായ സാഹചര്യമുണ്ടായത്.