ശിവരഞ്ജിത്തിനും നസീമിനും ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം. ഉപാധികളോടെയാണ് ഇരുവർക്കും തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. യൂണിവേഴ്‍സിറ്റി കോളേജിന്‍റെ വളപ്പിലേക്ക് പോലും കയറരുതെന്ന് ഇരുവർക്കുമുള്ള ജാമ്യത്തിനുള്ള വ്യവസ്ഥകളിൽ കോടതി പറയുന്നു.

ജൂലൈ ആദ്യവാരമാണ് യൂണിവേഴ്‍സിറ്റി കോളേജിൽ ബിരുദ വിദ്യാർത്ഥിയായ അഖിലിനെ ഒരു സംഘം എസ്എഫ്ഐ നേതാക്കൾ കുത്തിപ്പരിക്കേൽപിക്കുന്നത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്. യൂണിറ്റ് സെക്രട്ടറി നസീമിൽ നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്നാണ് സാക്ഷികളായ വിദ്യാർത്ഥികൾ മൊഴി നൽകിയത്. കാന്‍റീനിൽ മുന്നിലിരുന്ന് പാട്ട് പാടിയതിനാണ് അഖിലിനെ ശിവരഞ്ജിത്ത് കുത്തിയത്.

Loading...

പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ ക്രമക്കേടിൽ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ഇതുവരെയും ജാമ്യം ലഭിച്ചിട്ടില്ല. അതിനാൽ തന്നെ രണ്ടു പേരും പൂജപ്പുര സെൻട്രൽ ജയിലിൽ തുടരേണ്ടി വരും. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ മുൻ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയുമാണ് നസീമും ശിവരഞ്ജിതും. 19 പേർ പ്രതികളായ യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രധാന പ്രതികളെല്ലാം പിടിയിലായി.