മൂന്ന് മലയാളികൾ ഉൾപ്പെടെ 26 ഇന്ത്യക്കാർക്ക് ഒമാന്റെ പൊതുമാപ്പ്

ന്യൂഡൽഹി: ദേശീയ ദിനാഘോഷം പ്രമാണിച്ച് മൂന്ന് മലയാളികൾ ഉൾപ്പെടെ 26 ഇന്ത്യക്കാർക്ക് ഒമാൻ പൊതുമാപ്പ് നൽകി. വിവിധ കേസുകളിൽ തടവുശിക്ഷ അനുഭവിച്ച് വരികയായിരുന്നവരാണ് മോചിപ്പിക്കപ്പെട്ടത്.

തിരുവനന്തപുരം സ്വദേശി ഷിജു ഭുവനചന്ദ്രൻ,​ മലപ്പുറം സ്വദേശി കിനാത്തെരിപറമ്പിൽ രമേശൻ,​ വടക്കാഞ്ചേരി സ്വദേശി പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നിവരാണ് മോചിതരാകുന്ന മലയാളികൾ.

Loading...

പരിപല്ലി ചന്ദ്രമോഹന്‍, രാജസ്ഥാന്‍ സ്വദേശികളായ ഇഖ്ബാല്‍ അലി ആസിഫ്, മുഹമ്മദ് സാദിഖ്, സയ്യിദ് സിഖന്ദര്‍ അലി നവാബ്, ജഗദീഷ് സവായി സിങ്, സെയ്ദ് മൊയിനുദ്ദീന്‍, ഗഫൂര്‍ ഖാന്‍ ഷംസുദ്ദീന്‍, മുഹമ്മദ് മുറാദ് അലി, അല നൂര്‍ അലി, മുഹമ്മദ് ഹനീഫ്, മഹാരാഷ്ട്ര സ്വദേശികളായ ആദില്‍ അമീര്‍, ഹനീഫ് ഷെയ്ഖ്, ഉത്തര്‍പ്രദേശ് സ്വദേശികളായ മെഹന്ദി ഹസന്‍, അബ്ദുല്‍ മജീദ്, മുഹമ്മദ് സാക്കിര്‍, കര്‍ണാടക സ്വദേശി മുഹമ്മദ് ഇര്‍ഷാദ് ഇബ്രാഹീം, തെലങ്കാന സ്വദേശി ഇഖ്ബാല്‍ ഖാന്‍, ഡല്‍ഹി സ്വദേശി ഉല്‍സവ് മോത്തിലാല്‍ എന്നിവരും കനക കക്കയുമാണ് മലയാളികള്‍ക്ക് പുറമെ പൊതുമാപ്പ് ലഭിച്ചവര്‍.

വിദേശകാര്യ മന്ത്രാലയം ഇടപെട്ടതിനെ തുടർന്ന് ഒമാന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ തടവുകാർക്ക് പൊതുമാപ്പു നൽകണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു.

മോച്ചപ്പിക്കപ്പെട്ട രമേശനും പ്രേംനാഥിനും ഒരു വർഷം തടവും കൊലക്കേസിൽ പ്രതിയായ ഷിജുവിന് 10 വർഷം തടവ് ശിക്ഷയുമാണ് ലഭിച്ചത്. കർണ്ണാടക,​ ആന്ധ്രപ്രദേശ്,​ തെലങ്കാന,​ രാജസ്ഥാൻ,​ മഹാരാഷ്ട്ര,​ ഉത്തർപ്രദേശ്,​ ഡൽഹി സ്വദേശികളാണ് മറ്റുള്ളവർ.

നേട്ടങ്ങളുടെ നെറുകയിൽ നാൽപ്പത്തിയൊൻപതാം നവോത്ഥാനദിനം ആഘോഷിക്കുകയാണ് ഒമാൻ.സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് എന്ന കരുത്തനായ നായകൻറെ നേതൃമികവിനുള്ള ആദരവ് കൂടിയാണ് ഓരോ ദേശീയദിനാഘോഷവും.

ഇന്ത്യൻ മഹാസമുദ്രത്തിന് തീരത്തെ ഒമാൻ എന്ന അറേബ്യൻ രാജ്യത്ത് 1970 ജൂലൈ ഇരുപത്തിമൂന്നിന് സുൽത്താൻ ഖാബൂസ് ബിൻ സഈദ് അധികാരം ഏറ്റെടുക്കുമ്പോൾ ആധുനികതയെക്കുറിച്ചും വികസനത്തെക്കുറിച്ചുമൊക്കെ അജ്ഞരായിരുന്നു ഇവിടിത്തുകാർ.

പ്രതികൂല സാഹചര്യങ്ങളോട് മല്‍സരിച്ച് ഒന്നുമില്ലായ്മയില്‍ നിന്ന് ഒന്നാമനായി മാറിയ ഒരു ദേശത്തിന്‍റെ കഥയാണത്.ഇന്ത്യക്കാർ ഉൾപ്പെടെ ലക്ഷക്കണക്കിനു വിദേശികൾ ഒമാനിൽ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യൻ നിക്ഷേപകരുടെ പ്രിയപ്പെട്ട രാജ്യം. ഇന്ത്യ-ഒമാൻ സംയുക്ത സംരംഭങ്ങളായി മൂവായിരത്തിലേറെ കമ്പനികൾ ഒമാനിൽ പ്രവർത്തിക്കുന്നതായാണു കണക്ക്.

പൂർണമായും ഇന്ത്യൻ ഉടമസ്ഥതയിലുള്ള നൂറ്റിഅൻപത് കമ്പനികളും പ്രവർത്തിക്കുന്നുണ്ട്. പ്രത്യേക സാമ്പത്തിക മേഖലയായ ദുഖമിൽ ഇന്ത്യൻ കമ്പനികൾക്കു വൻ അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സംരംഭകർക്കു നൂറു ശതമാനം നിക്ഷേപത്തിനും അവസരമുണ്ട്.

എണ്ണയിൽ നിന്നുള്ള വരുമാനം മാത്രമായിരുന്നു ഒരു കാലത്ത് ഒമാന്റെ വികസനത്തെ സഹായിച്ചതെങ്കിൽ ഇന്നത് മാറി. വിനോദ സഞ്ചാരമേഖലയും കാർഷികമേഖലയും ഉൾപ്പെടെ എണ്ണയിതര വരുമാന മാർഗങ്ങൾ വളർത്തിയെടുക്കാൻ ഒമാൻ ഭരണകൂടത്തിന് സാധിച്ചു.

ഒമാനിലെ സലാല എന്ന മലയാളി നാടിനെ ഓർമിപ്പിക്കുന്ന പ്രദേശം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്. മികച്ച വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങൾ ഒമാനിലുണ്ട്. ഐടി രംഗത്തും രാജ്യം മുന്‍നിരയിലാണ്.