ഉക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറും; കുടുംബം

ബെംഗളൂരു: ഉക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുമെന്ന് വ്യക്തമാക്കി കുടുംബം. നവീൻ ശേഖരപ്പയുടെ മൃതദേഹം അന്ത്യ കർമങ്ങൾക്ക് ശേഷം മെഡിക്കൽ കോളേജിന് കൈമാറുമെന്നാണ് പിതാവ് വ്യക്തമാക്കിയിരിക്കുന്നത്. പിതാവ് ശേഖരപ്പ ജ്ഞാനഗൗഡയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദാവൻഗരെയിലെ എസ്എ‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിനാണ് ‌മൃതദേഹം കൈമാറുക.നവീന്റെ മൃതദേഹം തിങ്കളാഴ്ച ബെംഗൂരുവിൽ എത്തിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

അവസാനമായി മകന്റെ മുഖം കാണാൻ കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും സംസ്ഥാന, കേന്ദ്ര സർക്കാരുകൾ സ്വീകരിച്ച നടപടികൾക്ക് നന്ദി പറയുന്നതായും ശേഖരപ്പ അറിയിച്ചു. തിങ്കളാഴ്ച 11 മണിയോടെ മൃതദേഹം ചാലഗേരിയിൽ എത്തിക്കുമെന്ന് നവീന്റെ സഹോദരൻ ഹർഷ അറിയിച്ചു.ഉക്രൈനിലെ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം പോളണ്ടിലെ വാഴ്‌സയിലെത്തിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവരിക. മാർച്ച് 21ന് പുലർച്ചെ എമിറേറ്റ്‌സ് വിമാനത്തിൽ കെംപഗൗഡെ വിമാനത്താവളത്തിലാണ് മൃതദേഹം എത്തിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഹർകീവിലെ മെഡിക്കൽ സർവകലാശാലയിലാണ് നവീന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

Loading...