നയന സൂര്യയുടെ ദുരൂഹമരണം ; മ്യൂസിയം പോലീസ് വിരലടയാളം പോലും ശേഖരിച്ചിരുന്നില്ല ; ഗുരുതര വീഴ്ച്ച

തിരുവനന്തപുരം: നയന സൂര്യയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മ്യൂസിയം പോലീസ്
ഗുരുതര വീഴ്ച്ച സംഭിവിച്ചെന്ന് കണ്ടെത്തൽ. നയന സൂര്യ മരിച്ചു കിടന്ന മുറിയിലെ വിരലടയാളങ്ങള്‍ ശേഖരിച്ചില്ല എന്നതടക്കം പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര പിഴവുകളാണ് ഉണ്ടായിരിക്കുന്നതെന്നാണ് ആരോപണം.

മ്യൂസിയം പോലീസ് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അവഗണിച്ചു. കേസ് അന്വേഷണത്തിലുണ്ടായ വീഴ്ചകളും അട്ടിമറികളും ഇപ്പോള്‍ അന്വേഷണം ഏറ്റെടുത്തിരിക്കുന്ന ക്രൈം ബ്രാഞ്ച് പരിശോധിക്കും. പോലീസ് രഹസ്യമാക്കിവെച്ചിരുന്ന മൃതദേഹപരിശോധനാ റിപ്പോർട്ട് നാലു വർഷത്തിനുശേഷം പുറത്തുവന്നതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്.

Loading...

കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചത് എന്നാണ് മൃതദേഹപരിശോധനാ റിപ്പോർട്ടിലുള്ളത്. കഴുത്തിനുചുറ്റും എന്തോ ഉരഞ്ഞുണ്ടായ മുറിവുകളും അടിവയറ്റിൽ കനത്ത ക്ഷതവും ഉണ്ടായിരുന്നു. ഇതിന്റെ ആഘാതത്തിൽ പാൻക്രിയാസിലും കിഡ്‌നിയിലും രക്തസ്രാവം ഉണ്ടായതായും മൃതദേഹപരിശോധനാ റിപ്പോർട്ടിലുണ്ട്.

അതേസമയം, ഇവയിൽ ഒരു മുറിവുപോലും പോലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഇല്ലായിരുന്നുവെന്നതാണ് ദുരൂഹത വർധിപ്പിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ച് നയനയുടെ സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. അസ്വാഭാവിക മരണത്തിനാണ് മ്യൂസിയം പോലീസ് കേസെടുത്തത്. തുടരന്വേഷണത്തിനായി സബ്ഡിവിഷണൽ മജിസ്‌ട്രേറ്റിന് ഫയൽ കൈമാറുകയും ചെയ്തു. അന്വേഷണം തുടരാതെ കേസ് അവിടെ കിടക്കുകയായിരുന്നു.

മൃതദേഹപരിശോധന, ഫൊറന്‍സിക്‌ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ലായെന്നാണ് ആർ.ഡി. ഓഫീസ് നൽകിയ വിവരം. സംഭവം വിവാദമായതോടെ എ.സി. ദിനിലിനെ പുനഃപരിശോധനയ്ക്കു നിയോഗിച്ചു. ഈ പരിശോധനയിൽ മ്യൂസിയം പോലീസിന്റെ വൻ അട്ടിമറിശ്രമങ്ങളാണ് കണ്ടെത്തിയത്. മഹസറും ഇൻക്വസ്റ്റുമടക്കം ശരിയായ രീതിയിലല്ല തയ്യാറാക്കിയതെന്നു കണ്ടെത്തി. സ്വയം മുറിപ്പെടുത്തി ആനന്ദം കണ്ടെത്തുന്ന ‘അസ്ഫിക്‌സിയോഫിലിയ’ എന്ന അപൂർവ അവസ്ഥയിൽ സ്വയം ജീവനൊടുക്കിയതാണ് എന്ന ഫൊറന്‍സിക്‌ റിപ്പോർട്ടും ഇപ്പോൾ തള്ളിക്കളഞ്ഞിട്ടുണ്ട്.