ദമ്പതികള്‍ കാര്‍ കത്തി മരിച്ച സംഭവം; കാറിലെ കുപ്പിയില്‍ പെട്രോളെന്നു ഫൊറന്‍സിക് റിപ്പോര്‍ട്ട്

കണ്ണൂര്‍. കാറിന് തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ച സംഭവത്തില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട്. കത്തിയ കാറിനകത്ത് പെട്രോളിന്റെ അംശം കണ്ടെത്തിയെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാറിന്റെ കത്തിയ ഭാഗത്ത് നിന്നും കണ്ടെത്തിയ പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോളിന്റെ അംശം കണ്ടെത്തിയതായി തളിപ്പറമ്പ് ആര്‍ഡിഒ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഗര്‍ഭിണിയായ ഭാര്യയുമായി ആശുപത്രിയിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം.

തീപിടിത്തത്തില്‍ മയ്യില്‍ കുറ്റിയാട്ടൂര്‍ സ്വദേശി പ്രജിത്തും ഭാര്യ കെകെ റിഷയുമാണ് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 2നായിരുന്നു അപകടം. കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ ഉണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തിയിരുന്നു. കാറിന്റെ മുന്‍വശത്തെ ഡോര്‍ തുറക്കുവാന്‍ സാധിക്കാതെ പ്രജിത്തും റിഷയും കാറില്‍ കുടുങ്ങിപ്പോകുകയായിരുന്നു.

Loading...

ഫൊറന്‍സിക് വിഭാഗം കാറിന്റെ തീപിടിച്ച ഭാഗത്ത് നിന്നും രണ്ട് പ്ലാസ്റ്റിക് കുപ്പികള്‍ കണ്ടെത്തിയിരുന്നു. നിമിഷങ്ങള്‍ക്കകം കാറിന്റെ മുന്‍വശം പൂര്‍ണമായും തീപിടിച്ചത് എന്തുകൊണ്ടാണെന്നതിനാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട് ഉത്തരം നല്‍കുന്നത്.