പുതുച്ചേരിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് എന്‍ഡിഎ നേതാക്കള്‍ ഗവര്‍ണറെ കണ്ടു

കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദമുന്നയിച്ച് എന്‍ഡിഎ നേതാക്കളും സഖ്യകക്ഷിയായ ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ് നേതാക്കളും ലഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിശൈ സൗന്ദരരാജനെ സന്ദര്‍ശിച്ചു. ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എന്‍ രംഗസ്വാമിയുടെ നേതൃത്വത്തിലാണ് നേതാക്കള്‍ ഗവര്‍ണറെ കണ്ടത്. സര്‍ക്കാര്‍ രൂപീകരിക്കാനുളള അംഗബലം വ്യക്തമാക്കുന്ന കത്തും കൈമാറിയിട്ടുണ്ട്. ബിജെപിയുടെ പുതുച്ചേരിയുടെ ചുമതല വഹിക്കുന്ന നിര്‍മല്‍ കുമാര്‍ സുരാനയും രംഗസ്വാമിക്കൊപ്പം ഉണ്ടായിരുന്നു.

നേരത്തെ പുതിയ എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് രംഗസ്വാമിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച 10 എന്‍ആര്‍ കോണ്‍ഗ്രസ് അംഗങ്ങളുടെയും ആറ് ബിജെപി അംഗങ്ങളുടെയും ഒപ്പോട് കൂടിയ കത്താണ് കൈമാറിയതെന്ന് രംഗസ്വാമി വ്യക്തമാക്കി. ലഫ്റ്റനന്റ് ഗവര്‍ണര്‍ നിശ്ചയിക്കുന്ന സമയത്തായിരിക്കും സത്യപ്രതിജ്ഞ ഉള്‍പ്പെടെയുളള നടപടിക്രമങ്ങള്‍ ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

Loading...

30 അംഗ സഭയില്‍ ഡിഎംകെയ്ക്ക് ആറ് സീറ്റുകളാണ് ലഭിച്ചത്. ഡിഎംകെയ്ക്ക് ഒപ്പം മത്സരിച്ച കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആറ് സീറ്റുകളില്‍ സ്വതന്ത്രരാണ് വിജയിച്ചത്. ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസിന് ഒപ്പം എഐഎഡിഎംകെയുമായി ചേര്‍ന്നാണ് എന്‍ഡിഎ പുതുച്ചേരിയില്‍ ജനവിധി തേടിയത്. എന്നാല്‍ എഐഎഡിഎംകെ ഒരു സീറ്റിലും വിജയിച്ചില്ല.