ബിജെപിക്ക് അട്ടിമറി ജയം; തൃപ്പൂണിത്തുറ നഗരസഭയില്‍ എല്‍ഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായി

എറണാകുളം ജില്ലയിലെ തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം. ആറ് വാർഡുകളിലേക്ക് നടന്ന മത്സരത്തിൽ മൂന്നിടത്ത് ബി ജെ പി വിജയിച്ചു. തൃപ്പുണിത്തുറ നഗരസഭയിലെ രണ്ട് സീറ്റുകൾ ബിജെപി , എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. ഇളമനതോപ്പ്, പിഷാരികോവിൽ വാർഡുകളിലാണ് ബി ജെ പി അട്ടിമറി വിജയം നേടിയത്. ഇതോടെ ഇടത് മുന്നണിക്ക് നഗരസഭയിലെ കേവല ഭൂരിപക്ഷം നഷ്ടമായി.49 അംഗനഗരസഭയിൽ എൽഡിഎഫിന്റെ കക്ഷി നില 23 ആയി. എൻഡിഎ 17, യുഡിഎഫ് 8, എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ നില.

ശക്തമായ ത്രികോണ മത്സരം നടന്നകൊച്ചി കോർപ്പറേഷനിലെ 62 ആം ഡിവിഷൻ ബിജെപി നിലനിർത്തി. ബി.ജെ.പിയിലെ പത്മജ എസ് മേനോൻ 77 വോട്ടിന് യുഡിഎഫ് സ്ഥാനാർത്ഥി അനിതാ വാര്യരെ പിന്തള്ളി. യുഡിഎഫിന്റെ കുത്തകയായിരുന്ന ഈ സീറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുക്കുകയായിരുന്നു.

Loading...

നെടുമ്പാശേരി പഞ്ചായത്തിലെ അത്താണി ടൗൺ വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ജോബി നെൽക്കര 274 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ ത്രിശങ്കുവിലായിരുന്ന കോൺഗ്രസ്, പഞ്ചായത്ത് ഭരണം നിലനിർത്തി. എറണാകുളം കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി എൻ.ഒ ബാബു 139 വോട്ടിന ന് ട്വന്റി-ട്വന്റിയുടെഎൽദോ പോളിനെ പരാജയപ്പെടുത്തി. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോയി. വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂർ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കെ.കെ.ഹുസൈൻ സീറ്റ് നിലനിർത്തി.