ബെര്‍ലിന്‍: ഭീകരവാദികള്‍ക്ക് അഭയം നല്‍കുന്ന രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന് രാജ്യാന്തര സമൂഹം ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മന്‍ ചാന്‍ലര്‍ അംഗല മെര്‍ക്കലുമൊന്നിച്ചു നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വര്‍ധിച്ചു വരുന്ന ഭീകരവാദ ഭീഷണിയെ ആണവായുധ നിരോധന വിഷയം കൈകാര്യം ചെയ്യുന്ന അതേ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. ആഗോള സമൂഹത്തോടുള്ള വെല്ലുവിളിയാണ് ഭീകരവാദം. ആണവായുധം കൈവശം വയ്ക്കുന്നതിനെതിരെ നടത്തുന്ന അതേ ശ്രദ്ധയോടെ വേണം ഈ വിഷയവും കൈകാര്യം ചെയ്യാനെന്നും മോദി പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സാക്കിയുര്‍ റഹ്മാന്‍ ലഖ്‌വിയെ ഇന്ത്യയുടെ കടുത്ത എതിര്‍പ്പു മറികടുന്നു പാക്കിസ്ഥാന്‍ മോചിപ്പിച്ചതിന് പിന്നാലെയാണ് രാജ്യാന്തര സമൂഹത്തോടുള്ള മോദിയുടെ അഭ്യര്‍ഥന എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് ലഖ്‌വിയെ പാക്കിസ്ഥാന്‍ ജയില്‍ മോചിതനാക്കിയത്.

Loading...

രാജ്യാന്തര ഭീകരവാദത്തിനെതിരായ കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതിനായി ആവിഷ്‌കരിച്ച്, ഏറെ നാളായി ഐക്യരാഷ്ട്ര സഭയുടെ പരിഗണനയിലുള്ള ഉടമ്പടിയായ കോംപ്രഹെന്‍സീവ് കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ടെററിസം(സിസിഐറ്റി) എത്രയും വേഗം പാസാക്കണമെന്നും മോദി ബെര്‍ലിനില്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സിംഹത്തിന് ജര്‍മന്‍ പരുന്ത് മികച്ച പങ്കാളിയെന്ന് ജര്‍മ്മനിയുമായുള്ള ബന്ധത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങള്‍ക്കും നിരവധി മേഖലകള്‍ ഒന്നിക്കാനാവുമെന്നും ജര്‍മനിയില്‍ നിന്ന് ഇന്ത്യക്ക് ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ ജര്‍മനിയും ഇന്ത്യയും സ്ഥിരാംഗങ്ങളാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂമിയിലെ രാജാവായ സിംഹവും ആകാശ രാജാവായ പരുന്തും തമ്മില്‍ ശക്തമായ ബന്ധം സാധ്യമാണ് എന്നാണ് താന്‍ വിശ്വസിക്കുന്നത്. ജര്‍മനി ലോകകപ്പ് ഫുട്‌ബോള്‍ ജയിച്ച വേളയിലാണ് കഴിഞ്ഞ തവണ ബര്‍ലിനിലെത്തിയത് മോദി പറഞ്ഞു. സാങ്കേതിക വിദ്യയെ കുറിച്ചും ഉത്പാദനത്തിലെ ഉയര്‍ന്ന ഗുണമേന്മയെ കുറിച്ചും സംസാരിക്കുകയാണെങ്കില്‍ ജര്‍മനിയാണ് ആദ്യമായി മനസ്സിലെത്തുക.

അതു കൊണ്ടു തന്നെ ഇന്ത്യയുടെ മേക്ക് ഇന്ത്യാ പദ്ധതിയില്‍ ജര്‍മനിയെ സ്വാഭാവിക പങ്കാളിയായി ലഭിച്ച് ശക്തമായ ബന്ധം സ്ഥാപിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു. ജര്‍മന്‍ വ്യവസായത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുക മാത്രമല്ല തന്റെ വരവിന്റെ ലക്ഷ്യം. ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ പറ്റിയ തൊഴില്‍വ്യാവസായിക സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പെടുത്താന്‍ കൂടിയാണ്. ജര്‍മന്‍ കമ്പനികള്‍ക്ക് മാത്രമായി ഇന്ത്യയില്‍ പ്രത്യേക സംവിധാനം ഒരുക്കാന്‍ ആലോചിക്കുന്നുണ്ട്അദ്ദേഹം വ്യക്തമാക്കി. ഭീകരവാദത്തെയും അതിന്റെ അനുയായികളെയും ഒറ്റപ്പെടുത്തേണ്ടതുണ്ടെന്ന് മോദി അഭിപ്രായപ്പെട്ടു.

അംഗല മെര്‍ക്കലുമായി മോദി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമായിരുന്നു ഇരുവരും സംയുക്ത വാര്‍ത്താ സമ്മേളനത്തിനെത്തിയത്. ഭീകരവാദത്തെ നേരിടുന്നതിനെക്കുറിച്ചും തങ്ങള്‍ ചര്‍ച്ച ചെയ്തതായി മോദി അറിയിച്ചു. മനുഷ്യവംശം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഭീകരവാദമെന്ന് പറഞ്ഞ മോദി, മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന ഏവരും അതിനെതിരെ ഒത്തൊരുമിച്ച് ശബ്ദമുയര്‍ത്തണമെന്നും ആവശ്യപ്പെട്ടു.

നേരത്തെ, നരേന്ദ്ര മോദി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവന്റെ മകനായ സൂര്യകുമാര്‍ ബോസുമായി കൂടിക്കാഴ്ച നടത്തി. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനത്തിനു ശേഷം ഇന്ത്യയിലെ ഭരണകൂടം അദ്ദേഹത്തിന്റെ കുടുംബത്തിനു മേല്‍ ചാര നിരീക്ഷണം നടത്തിയെന്ന വെളിപ്പെടുത്തലുകള്‍ വിവാദമായിരിക്കുന്ന സമയത്തു തന്നെ മോദി നേതാജിയുടെ ബന്ധു സൂര്യ കുമാര്‍ ബോസുമായി ജര്‍മനിയില്‍ കൂടിക്കാഴ്ച നടത്തിയതു വളരെയധികം അഭൂഹങ്ങള്‍ക്ക് വഴിവെച്ചിരൂന്നു.