പത്തനംതിട്ട: നമുക്ക് എല്ലാം നഷ്ടപ്പെടുമ്പോഴേ അതിന്റെ വേദന നമുക്ക് മനസ്സിലാകുകയുള്ളു. ഇന്ന് ഈ കുട്ടികളുടെ ജീവിതത്തിന് തണലേകാന്‍ ഇനി ആരുണ്ട്?. മാതാപിതാക്കളുടെ സ്‌നേഹം ഇവര്‍ അറിഞ്ഞിട്ടില്ല. ആകെയുള്ളത് ഒരു മുത്തശിമാത്രം. അന്തിയുറങ്ങാന്‍ സ്വന്തമായി വീടോ സഹായത്തിന് മറ്റു ബന്ധുക്കളോ ഇല്ല. മുത്തശിയുടെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ വിധിയോടു പൊരുതി കഴിയുകയാണ് അഖില്‍(15),അഖില(13), അമല്‍ (10) എന്നിവര്‍.
പിതാവ് പണയും വച്ച വീടും പറമ്പും ബാങ്ക് ജപ്‌തി ചെയ്‌തിട്ട് കാലം ഏറെയായി. ഇപ്പോള്‍ ഈ വസ്‌തു ലേലത്തിന് വച്ചിരിക്കുകയാണ് അധികൃതര്‍. അത് തിരിച്ചെടുക്കാന്‍ വന്‍ തുക കണ്ടെത്തേണ്ടതുണ്ട്. ജനപ്രതിനിധികളും നാട്ടുകാരും മാത്രമാണ് ഇനി ഇവരുടെ ആശ്രയം.ഇലന്തൂര്‍ പഞ്ചായത്തിലെ 12-ാം വര്‍ഡില്‍ ചായപുന്നയ്‌ക്കല്‍ കോളനിക്ക് സമീപം കുറ്റിയില്‍ വീട്ടില്‍ കെ.എന്‍. ശോഭയയുടേയും ആങ്ങമൂഴി സ്വദേശി വിജയന്റേയും മക്കളാണ് ഇവര്‍.
പതിനാറ് വര്‍ഷം മുമ്പാണ് ശോഭനയെ വിജയന്‍ വിവാഹം കഴിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ഇവരുടെ ജീവിതത്തില്‍ വിള്ളല്‍ വീണു. വിജയന്‍ ശോഭയേയും കുട്ടികളേയും ഉപേക്ഷിച്ചശേഷം സ്‌ഥലം വിട്ടു.
ശോഭ ഇളയകുട്ടി അമലുമായി ആങ്ങമൂഴി സ്വദേശി പ്രകാശ് എന്ന മറ്റൊരു യുവാവുമൊത്ത് പിന്നീട് നാടുവിട്ടു. നാളുകള്‍ക്ക് ശേഷം മടങ്ങിയെത്തിയ ശോഭ ഇളയകുട്ടിയെ മാതാവ് ശാന്തമ്മയുടെ അടുത്താക്കിയ ശേഷം ഹൈദരാബാദിലേക്ക് ജോലിതേടിപോയി. കുറച്ചുകാലം കഴിഞ്ഞ് നൈജീരിയയില്‍ ജോലിതേടിപ്പോയ ശോഭ ജോലി കിട്ടി ആറുമാസത്തിനുശേഷം വിസ പുതുക്കുന്നതിനായി നാട്ടില്‍ എത്തി. ഈ സമയം ശോഭയെ തേടി രണ്ടാം ഭര്‍ത്താവ് രാത്രി വീട്ടിലെത്തി. ശോഭയുമായി വഴക്കിട്ട ഇയാള്‍ അവരുടെ സര്‍ട്ടിഫിക്കറ്റുകളും ഒന്നര ലക്ഷത്തോളം രൂപയും തീവച്ച് നശിപ്പിക്കുകയും ശോഭയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ തൂങ്ങിമരിക്കുകയും ചെയ്‌തു.
ശോഭയുടെ മരണത്തെ തുടര്‍ന്ന് മക്കളായ അഖില്‍, അഖില, അമല്‍ എന്നിവര്‍ മുത്തശിയോടൊപ്പമാണ് കഴിയുന്നത്. അഖില്‍ പത്താംക്ലാസിലും രണ്ടാമത്തെ കുട്ടി അഖില എട്ടാം ക്ലാസിലും മൂന്നാമത്തെ കുട്ടി അമല്‍ അഞ്ചാം ക്ലാസിലും പഠിക്കുന്നു.ശോഭയുടെ ആദ്യ ഭര്‍ത്താവ് വിജയന്‍ എല്ലാം സ്വത്തുക്കളും നശിപ്പിച്ച ശേഷമാണ് നാടുവിട്ടത്. ശോഭയുടെ ആകെയുള്ള പതിനഞ്ച് സെന്റ് വസ്‌തു പിന്നാക്ക വികസന കോപ്പറേഷനില്‍ പണയപ്പെടുത്തി ഇയാള്‍ ഒരുലക്ഷം രൂപാ വായ്‌പ്പ എടുത്തിരുന്നു.
പലിശ സഹിതം 3,40,000 രൂപാ തിരിച്ചടക്കാഞ്ഞതിനെ തുടര്‍ന്ന് വസ്‌തു ജപ്‌തിചെയ്‌ത് ഇലന്തൂര്‍ വില്ലേജ് ഓഫീസ് ലേലത്തിന് വച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ കലക്‌ടറുമായി ബന്ധപ്പെട്ട് ലേലം നടത്തുന്നത് നിര്‍ത്തിവയ്‌പ്പിക്കുകയും ചെയ്‌തിരുന്നു.
കിടക്കാനിടമില്ലാതെ നട്ടം തിരിയുന്ന കുട്ടികള്‍ക്കും മുത്തശിക്കും ഏക ആശ്രയം ലേലത്തിന് വച്ചിരിക്കുന്ന ഈ ഭൂമിയാണ്. ഇതിന് പണം കണ്ടെത്താന്‍ എം.എല്‍.എ മുഖ്യ രക്ഷാധികാരിയായും എം.ബി സത്യന്‍ ചെയര്‍മാനും എ.കെ. മോഹനന്‍ കണ്‍വീനറുമായി സഹായ സമിതി രൂപീകരിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
ധന സമാഹരണത്തിന് കേരളാ ഗ്രാമീണ്‍ ബാങ്ക് ഇലന്തൂര്‍ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 40675101000672, ഐ.എഫ്.എസ്.സി കോഡ്: കെ.എല്‍.ജി.ബി 0040675