‘നീന’യെ കണ്ടപ്പോള്‍

നീന കണ്ടു. പേരു പോലെ തന്നെ വ്യത്യസ്തമായ ഒരു ലാല്‍ജോസ് ചിത്രം. നെഞ്ചോടു ചേര്‍ത്തു വെയ്ക്കാന്‍ കഴിയുന്ന, പുതുമുഖ നായിക ദീപ്തി സതിയുടെ ഒരു അതി മനോഹര ചിത്രം.ലാല്‍ജോസ് എന്ന നല്ല സിനിമകളുടെ അമരക്കാരന്‍റെ പേരു കണ്ട് ജനങ്ങള്‍ തിയേറ്ററില്‍ കയറി കണ്ട ചിത്രം .ആ പ്രതീക്ഷകള്‍ അസ്ഥാനത്താവുകയില്ല എന്നീ ചിത്രം ഉറപ്പു തരുന്നു.തന്‍റെ എല്ലാ സിനിമകളിലും ഒരു പുതുമുഖ നടിയെ കൊണ്ടുവരുന്ന സംവിധായകന്‍ ഇത്തവണയും ആ പതിവുരീതി പരീക്ഷിക്കുകയും ആ പരീക്ഷണത്തില്‍ വിജയിക്കുകയും ചെയ്തെന്ന് ഉറപ്പു തരുന്നു ഈ ചിത്രത്തിലെ ദീപ്തി സതിയുടെ ഓരോ ചലനങ്ങളും.വിജയ് ബാബു എന്ന അഭിനേതാവിന്‍റെ ഇതുവരെ കാണാത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ പങ്കുവെയ്ക്കുന്നു ഈ നീന.

neena movie

Loading...

ആന്‍ അഗസ്റ്റിന്‍റെ ഒരിടവേളയ്ക്കു ശേഷമുള്ള മടങ്ങി വരവ്, തീര്‍ച്ചയായും വെറുതെയായില്ല എന്നീ ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ചെമ്പന്‍ വിനോദിന്‍റെയും,ലെനയുടെയും പക്വതയാര്‍ന്ന അഭിനയ രംഗങ്ങളും,മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ അതിഥി വേഷവും കഥാഗതിയില്‍ തിളങ്ങി നില്‍ക്കുന്നു.

ബിജിപാലിന്‍റെ സംഗീതം നീനയെ നീനയാക്കുന്നു.ജോമോന്‍ ടി ജോണിന്‍റെ ക്യാമറാ മായാജാലം മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണെങ്കിലും, നീനയില്‍ ആ മായാജാലത്തിന്‍റെ പല പുതിയ തലങ്ങളും പരീക്ഷിക്കുന്നുണ്ടീ യുവ പ്രതിഭ. ചുരുക്കിപ്പറഞ്ഞാല്‍ 100 രൂപാ കൊടുത്ത്,കൈയ്യിലൊരു പോപ്കോണുമായി ഈ സിനിമയ്ക്കു കയറിയാല്‍ ,ഇവള്‍ നമ്മെ പോപ്കോണ്‍ പോലും കൊറിയ്ക്കാന്‍ സമ്മതിക്കാതെ മറ്റൊരു മായക്കാഴ്ച്ചയിലേക്കു കൂട്ടികൊണ്ടു പോകും.

nee-na

സത്യത്തില്‍ ഈ നീനയൊരു ഹരമാണ്,ഭ്രാന്താണ്,ചിലപ്പോള്‍ പ്രണയവും.മറ്റു ചിലയിടങ്ങളില്‍ മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒരു പെണ്‍ ജന്‍മവും…അതിശകതമായ തിരക്കഥ കൊണ്ട് ആര്‍.വേണുഗോപാല്‍ ഈ നീനയെ ജീവസ്സുറ്റതാക്കിയിരിക്കുന്നു..എന്നെന്നും മലയാളികളുടെ പ്രിയ സംവിധായകനായ ലാല്‍ജോസ് സാറിന്‍റെ സുവര്‍ണ്ണ കിരീടത്തില്‍ മറ്റൊരു പൊന്‍ തൂവല്‍ കൂടി..കൂടെ അഭിനയരംഗത്ത് ഉറപ്പു തരാന്‍ കഴിയുന്ന ഒരു കരുത്തുറ്റ നടി കൂടി ഇനി മലയാളിക്കു സ്വന്തം..